തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.പി.വിശ്വനാഥൻ( 83) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുതവണ യു.ഡി.എഫ് സർക്കാരിൽ വനംമന്ത്രിയും ആറുതവണ എം.എൽ.എയുമായിരുന്നു.
1970ൽ കുന്നംകുളത്തുനിന്ന് ആദ്യതവണ മത്സരിച്ചപ്പോൾ പരാജയപ്പെട്ടു. പിന്നീട് 1977ലും 1980ലും ജയിച്ചു. 1982ലെ തിരഞ്ഞെടുപ്പിൽ തോറ്റു. 1987 മുതൽ 2001 വരെ കൊടകര മണ്ഡലത്തിൽനിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991-ൽ കരുണാകരൻ മന്ത്രിസഭയിൽ ആദ്യമായി വനംമന്ത്രിയായി. പിന്നീട് 2004-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലും വനംവകുപ്പ് മന്ത്രിയായി. രണ്ടുതവണയും കാലാവധി പൂർത്തിയാക്കാതെ രാജിവെക്കേണ്ടി വന്നു. 2006, 2011 തിരഞ്ഞെടുപ്പിൽ കൊടകരയിൽനിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സി രവീന്ദ്രനോട് പരാജയപ്പെട്ടു.
തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ച വിശ്വനാഥൻ, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. അഭിഭാഷകൻ കൂടിയായിരുന്നു കെ.പി വിശ്വനാഥൻ. യൂത്ത് കോൺഗ്രസ് വഴിയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1967 മുതൽ 1970 സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡൻറായിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, തൃശൂർ ഡി.സി.സി സെക്രട്ടറി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗം, ഖാദി ബോർഡ് അംഗം, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം, തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയർമാൻ, ഡയറക്ടർ എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post