വയനാട്:നാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നരഭോജി കടുവയ്ക്കുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക്. കടുവയെ പിടിക്കാന്‍ മൂന്നു ഇടങ്ങളിലാണ് കൂട് വെച്ചിരിക്കുന്നത്. കെണിയുടെ പരിസരത്ത് കൂടി കടുവ പോയെങ്കിലും കൂട്ടില്‍ കയറിയില്ല. കടുവയെ പിടിക്കുന്ന സംഘത്തിനൊപ്പം വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുമുണ്ട്. ഇന്ന് കുങ്കികളെ ഉപയോഗിച്ചാവും തിരച്ചില്‍ നടത്തുക.
മൂന്ന് വയസുളള വയനാട് വൈല്‍ഡ് ലൈഫ് എന്ന WWL 45 കടുവയാണ് ദിവസങ്ങളായി നാട്ടുകാരെ ഭീതിയാക്കിയത് എന്ന് വനംവകുപ്പ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ സെന്‍സസ് ലിസ്റ്റിലുളള 45 കടുവയാണിതെന്നും വനംവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ വെടിവച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ട്. അഞ്ച് പട്രോളിംഗ് ടീമും ഷൂട്ടേഴ്‌സും ഡോക്ടറുമാണ് പ്രദേശത്ത് കടുവയെ നിരീക്ഷിക്കുന്നത്. സന്ദര്‍ഭവും സ്ഥലവുമൊത്താല്‍ മയക്കുവെടി വയ്ക്കുന്നതിലേക്ക് ദൗത്യസംഘം കടക്കും എന്ന് വനംവകുപ്പ് അറിയിച്ചു.
പ്രജീഷ് എന്ന യുവ ക്ഷീരകര്‍ഷകനാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പശുവിന് പുല്ലരിയാന്‍ പോയ പ്രജീഷിനെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങള്‍ പലയിടത്തായാണ് കണ്ടെത്തിയത്.












