കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും ഭക്ഷണം ഒരുക്കും. അദ്ധ്യാപക സംഘടന ആവശ്യപ്പെട്ടതുകൊണ്ടാണ് ടെൻഡറിൽ പങ്കെടുത്തതെന്ന് പഴയിടം മോഹനൻ നമ്പൂതിരി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ പഴയിടം മോഹനൻ നമ്പൂതിരിയെ ജാതിയുടെയും സമുദായത്തിന്റെയും പേരിൽ അവഹേളിക്കാൻ കരുതിക്കൂട്ടി ശ്രമിച്ചതോടെ കലോത്സവ വേദിയിലെ പാചകത്തിൽ നിന്ന് പിന്മാറുകയാണന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കലോത്സവ വേദികളിലെ ഭക്ഷണശാലകളിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം വിളമ്പുന്നത് ബ്രാഹ്മണിക്കൽ ഹെജിമണി (ആധിപത്യം) ആണെന്ന് ആയിരുന്നു കോഴിക്കോട് നടന്ന കലോത്സവത്തിനിടെ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാറിന്റെ ഫേസ്ബുക്ക് ആരോപണം. ഇത് പ്രസാദമൂട്ടല്ലെന്നും കലോത്സവ വേദിയാണെന്നും പറഞ്ഞായിരുന്നു പഴിയടം മോഹൻ നമ്പൂതിരിയുടെ ജാതി ലക്ഷ്യമിട്ടുകൊണ്ടുളള ആക്ഷേപം. പക്ഷെ സമൂഹമാദ്ധ്യമങ്ങളിൽ പഴയിടം മോഹനൻ നമ്പൂതിരിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്.
ഇത് വേദനിപ്പിച്ചുവെന്നും കൗമാര സ്വപ്നങ്ങൾ വന്ന് ആടി തിമർത്ത് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് പോകണ്ട ഭക്ഷണശാലയിലാണ് ഇത്തരം വിഷവിത്തുകൾ വാരിയെറിഞ്ഞതെന്നും പഴയിടം തുറന്നുപറഞ്ഞിരുന്നു. അത് ഭയമുണ്ടാക്കി. ഭയം വന്നു കഴിഞ്ഞാൽ ഒരു അടുക്കള നിയന്ത്രിക്കാൻ പ്രയാസമായിരിക്കുമെന്നും പഴയിടം വേദനയോടെ പ്രതികരിച്ചിരുന്നു. സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് തന്റെ മേൽനോട്ടത്തിൽ നോൺ വെജ് ഭക്ഷണവിഭവങ്ങൾ അതിൽ വിദഗ്ധരായവർ പാചകം ചെയ്തു നൽകാറുണ്ടെന്നും ബ്രാഹ്മണിക്കൽ ഹെജിമണി ആക്ഷേപത്തിന് അദ്ദേഹം മറുപടിയായി പറഞ്ഞിരുന്നു.
ഈ വിവാദം ഏറ്റുപിടിച്ചാണ് കലോത്സവ വേദിയിൽ ബിരിയാണി വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചത്. ഇതും മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. കുട്ടികൾക്കും കോലോത്സവത്തിൽ ചുമതല വഹിക്കുന്ന അദ്ധ്യാപകർക്കും വിശ്വസിച്ച് കഴിക്കാവുന്ന ഭക്ഷണമാണ് പഴയിടത്തിന്റേതെന്നും പതിനാറ് വർഷമായിട്ടും യാതൊരു കോട്ടവും അതിനുണ്ടായിട്ടില്ലെന്നും വാദം ഉയർന്നിരുന്നു.
Discussion about this post