ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ വയനാട് എം പി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് കോടതി. ഉത്തർ പ്രദേശിലെ സുൽത്താൻപൂരിലെ എം പിമാരുടെയും എം എൽ എമാരുടെയും കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയുടേതാണ് നടപടി.
ഡിസംബർ 16 ശനിയാഴ്ച ഹാജരാകണമെന്നാണ് രാഹുൽ ഗാന്ധിയോട് നേരത്തേ കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രാഹുൽ ഹാജരാകാൻ കൂട്ടാക്കിയിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി വീണ്ടും രാഹുലിനെ വിളിപ്പിച്ചിരിക്കുന്നത്.
അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് 2018 ഓഗസ്റ്റ് 4ന് ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ പരാതിയിലാണ് നടപടി. അക്കാലത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ആയിരുന്ന അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. അടിസ്ഥാനരഹിതമായ ഈ വിശേഷണത്തിനെതിരെയാണ് നിയമനടപടി.
നേരത്തേ, പിന്നാക്ക വിഭാഗത്തിനെതിരായ അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിക്ക് എം പി സ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ കാരുണ്യത്തിലാണ് രാഹുലിന് എം പി സ്ഥാനം തിരിച്ചു കിട്ടിയത്. ആ വിവാദത്തിന്റെ ചൂടാറും മുൻപേയാണ് സമാനമായ കേസിൽ രാഹുലിനെതിരെ നിയമനടപടി ആരംഭിച്ചിരിക്കുന്നത്.
Discussion about this post