ഭുവനേശ്വർ: പി എം ഒ ഉദ്യോഗസ്ഥനായും ആർമി ഡോക്ടറായും ആൾമാറാട്ടം നടത്തിയ കശ്മീരി യുവാവിനെ ഒഡിഷ പോലീസിന്റെ പ്രത്യേക ദൗത്യ സംഘം അറസ്റ്റ് ചെയ്തു. പാകിസ്താൻ സ്വദേശികളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന ഇയാൾക്ക് കേരളവുമായി ബന്ധമുള്ളതായി സംശയിക്കുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്ക് ഭാര്യമാരുള്ളതായും പ്രത്യേക ദൗത്യ സംഘം ഐജി ജെ എൻ പങ്കജ് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.
ജമ്മു കശ്മീരിലെ കുപ്വാര സ്വദേശിയായ യുവാവിൽ നിന്നും നിരവധി സത്യവാങ്മൂലങ്ങൾ, ബോണ്ടുകൾ, എടിഎം കാർഡുകൾ, ബ്ലാങ്ക് ചെക്കുകൾ, ആധാർ കാർഡുകൾ വിസിറ്റിംഗ് കാർഡുകൾ എന്നിവയും പിടിച്ചെടുത്തു. ജമ്മു കശ്മീർ, ഉത്തർ പ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലായി ഇയാൾക്ക് 7 ഭാര്യമാർ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വിദേശ ബിരുദങ്ങൾ ഉള്ള ഡോക്ടർ എന്ന് തെറ്റിദ്ധരിപ്പിച്ച് ധാരാളം സ്ത്രീകളുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
വഞ്ചനാക്കുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും കശ്മീർ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലും ഇയാൾ പ്രതിയാണ്. പാകിസ്താനിലെ നിരവധി വ്യക്തികളുമായും കേരളത്തിലെ ക്രിമിനൽ സംഘങ്ങളുമായും ബന്ധം പുലർത്തിയിരുന്ന ഇയാൾക്കെതിരെ കശ്മീരിൽ ജാമ്യമില്ലാ വാറണ്ടും നിലവിലുണ്ട്.
പാക് ചാരസംഘടനയായ ഐ എസ് ഐയുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നതും പോലീസ് പരിശോധിച്ച് വരികയാണ്. പഞ്ചാബ്, കശ്മീർ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ സംയുക്തമായി ഇയാളെ ചോദ്യം ചെയ്തു വരികയണ്. സയീദ് ഇഷാൻ ബുഖാരി എന്നാണ് ഇയാളുടെ പേര്.
Discussion about this post