കൊല്ലം: ചലച്ചിത്ര നടനും കൊല്ലം എം എൽ എയുമായ മുകേഷും ഡി വൈ എഫ് ഐ നേതാവ് ചിന്താ ജെറോമും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് മാതൃഭൂമി. ഒന്നര വർഷത്തോളമായി ഇത്തരത്തിലൊരു വാർത്ത പ്രചരിക്കുന്നുണ്ട്. മാതൃഭൂമിയുടെ പോസ്റ്റർ എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തങ്ങളുടേതല്ലെന്നും മാതൃഭൂമി അധികൃതർ വ്യക്തമാക്കുന്നു.
2022 ഏപ്രിൽ മാസത്തിലാണ് മുകേഷും ചിന്താ ജെറോമും വിവാഹിതരാകുന്നു എന്ന തരത്തിൽ ആദ്യമായി വാർത്ത പ്രചരിച്ചത്. ഒരിടവേളക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വാർത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവർക്കും അഭിവാദ്യങ്ങളും ആശംസകളും അർപ്പിച്ചു കൊണ്ടുള്ള നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
നടൻ മുകേഷ് മൂന്നാമതും വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹം പരന്നതിന് പിന്നാലെ ഏതോ സോഷ്യൽ മീഡിയ ട്രോൾ ഗ്രൂപ്പിലാണ് ചിന്താ ജെറോമുമായി ബന്ധപ്പെടുത്തിയുള്ള വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത് എന്നാണ് വിവരം. പിന്നീട് ഇത് വൻ തോതിൽ പ്രചരിപ്പിക്കപ്പെടുകയായിരുന്നു.
67 വയസ്സുകാരനായ മുകേഷിന്റെ ആദ്യ ഭാര്യ നടി സരിതയായിരുന്നു. സരിതയുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം മുകേഷ് നർത്തകി മേതിൽ ദേവികയെ വിവാഹം കഴിച്ചിരുന്നു. ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയമാണെന്ന് കാട്ടി മേതിൽ ദേവിക പിന്നീട് ഈ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു.












