മുംബൈ: അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നാണ് ദാവൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ലോകത്താകമാനമുള്ള അന്വേഷണ ഏജൻസികൾ തിരയുന്ന കൊടും കുറ്റവാളിയാണ് 65 വയസ്സുകാരനായ ദാവൂദ്.
സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങളുടെ പേരിൽ ഇന്ത്യ അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. 250 പേരുടെ മരണത്തിന് കാരണമാകുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഇയാളായിരുന്നു.
ദാവൂദിന്റെ ഉള്ളിൽ വിഷം എത്തിയത് എങ്ങനെ എന്ന കാര്യം അജ്ഞാതമാണ്. ആരെങ്കിലും ബോധപൂർവം അയാളുടെ ഭക്ഷണത്തിലോ മറ്റോ വിഷം കലർത്തിയതാകാമെന്നാണ് സംശയിക്കപ്പെടുന്നത്. ഇതിന്റെ വിശദ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വർഷങ്ങളായി ഇയാൾ പാകിസ്താനിലെ കറാച്ചിയിൽ ഒളിവിൽ കഴിയുകയാണ്.
ഇതിന് പുറമേ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ദാവൂദിനെ അലട്ടിയിരുന്നതായും റിപ്പോർട്ടുണ്ട്. ഗുരുതരമായ പ്രമേഹ ബാധയെ തുടർന്ന് ഇയാളുടെ രണ്ട് കാലുകൾ മുറിച്ചു മാറ്റിയിരുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇയാളുടെ വലം കൈയായ ഛോട്ടാ ഷക്കീൽ ഇക്കാര്യം നിഷേധിച്ചിരുന്നു.
Discussion about this post