മെക്സിക്കോ സിറ്റി: സെൻട്രൽ മെക്സിക്കോയിലെ ഗ്വാനജുവാറ്റോയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ നടന്ന വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സാല്വറ്റിയേരയിലെ പൊതുപരിപാടികൾ നടക്കുന്ന സ്ഥലത്തായിരുന്നു സംഭവം.
ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങൾ കഥാരൂപത്തിൽ അവതരിപ്പിക്കുന്ന പരിപാടി നടക്കുന്നതിനിടെ സ്ഥലത്തെത്തിയ അക്രമികൾ റൈഫിളുകൾ ഉപയോഗിച്ച് നൂറുകണക്കിന് വരുന്ന യുവാക്കൾക്ക് നേരെ തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നു.
അധോലോക സംഘങ്ങൾ തമ്മിൽ നിരന്തരം ഏറ്റുമുട്ടലുകൾ നടക്കുന്ന മേഖലയാണ് സെൻട്രൽ മെക്സിക്കോ. ആഘോഷ പരിപാടികളിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയവരെ വേദിക്ക് പുറത്ത് സംഘാടകർ തടഞ്ഞിരുന്നു. ഇതിൽ അമർഷം പൂണ്ട സംഘം പുറത്തേക്ക് പോയ ശേഷം ആയുധങ്ങളുമായി തിരികെ വന്ന് ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമെല്ലാം യുവാക്കളാണ്. അക്രമികളെ തിരിച്ചറിഞ്ഞതായും ഇവർ ഉടൻ പിടിയിലാകുമെന്നും അധികൃതർ അറിയിച്ചു. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഗ്വാനജുവാറ്റോയിൽ നടന്ന സമാനമായ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. ക്രിമിനൽ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയയുടെയും ഏറ്റുമുട്ടലുകൾക്ക് കുപ്രസിദ്ധമായ പ്രദേശമാണ് ഗ്വാനജുവാറ്റോ.
Discussion about this post