ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കില്ല. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. കൂടാതെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റില്‍ 250 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഇപ്പോള്‍ അണക്കെട്ടില്‍ നിന്ന് കൊണ്ടുപോകുന്നത്. ജലനിരപ്പ് 138 അടി ഉയര്‍ന്നതോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നു തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തിന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്.എന്നാല്‍ ഇപ്പോള്‍ അണക്കെട്ടിലേക്കുള്ള നീരോഴുക്ക് സെക്കന്റില്‍ 2500 ഘനയടി ആയി കുറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 10 മണിക്ക് തുറക്കാനാണ് തീരുമാനിച്ചിരുന്നത്. പരമാവധി 10,000 ക്യൂസെക്സ് വരെ ജലം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നത് .അണക്കെട്ട് തുറക്കുന്നതിനാല്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.
നിലവില്‍ 138.55 അടി വെള്ളമാണ് ഡാമില്‍ ഉള്ളത്. പരാമവധി 142 അടി സംഭരണശേഷിയാണ് ഡാമിനുള്ളത്. മണിക്കൂറില്‍ 15,500 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തതിനെത്തുടര്‍ന്നാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്. മാത്രമല്ല തമിഴ്‌നാട്ടിലെ പ്രളയവും കൂടി കണക്കിലെടുത്താണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്.
Discussion about this post