ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഇന്ത്യൻ പൗരൻ പദ്ധതിയിട്ടുവെന്ന യുഎസ് ആരോപണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും എന്തെങ്കിലും വിവരം നൽകിയാൽ പരിശോധിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുകെ ആസ്ഥാനമായ ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഒരു ഇന്ത്യൻ പൗരൻ നല്ലത് ചെയ്താലും മോശം കാര്യം ചെയ്താലും അത് പരിശോധിക്കാൻ തയ്യാറാണ്. കാരണം നിയമവ്യവസ്ഥയോടാണ് രാജ്യത്തിനും സർക്കാരിനും പ്രതിബദ്ധതയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിഷയത്തിൽ ആദ്യമായിട്ടാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം ഇത്തരം ചില കാര്യങ്ങളിൽ പാളം തെറ്റില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങൾ കേന്ദ്രീകരിക്കുന്ന ഭീകരർ ഉയർത്തുന്ന ഭീഷണിയിലും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ കലാപത്തിന് പ്രേരിപ്പിക്കുകയും പ്രചോദനം നൽകുകയുമാണ് ഇത്തരം സംഘങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കുന്നതിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സുസ്ഥിരവും പക്വതയുളളതുമായ പങ്കാളിത്തത്തിന്റെ വ്യക്തമായ സൂചനയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടത്തിലെ സഹകരണവും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തത്തിലെ നിർണായക ഘടകങ്ങളാണ്. ഇത്തരം ചില സംഭവങ്ങളെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധവുമായി കൂട്ടിയിണക്കുന്നത് ഉചിതമായി കരുതുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബഹുമുഖ ലോകത്തിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന വസ്തുത നാം അംഗീകരിക്കണം. ലോകം പരസ്പരം ബന്ധിപ്പിക്കപ്പെടുകയും പരസ്പരാശ്രിതത്വം ശക്തമാകുകയുമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഗുർ പത്വന്ത് സിംഗ് പന്നൂനിനെ വകവരുത്താൻ നിഖിൽ ഗുപ്തയെന്ന ഇന്ത്യൻ പൗരൻ പദ്ധതിയിട്ടുവെന്ന് ആണ് യുഎസിന്റെ ആരോപണം. വാടകക്കൊലയാളിയെ സംഘടിപ്പിക്കാനായി ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്തയെ ഏർപ്പെടുത്തുകയായിരുന്നുവെന്നും യുഎസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. വിഷയത്തിൽ വിവിധ വകുപ്പുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post