ഹൈദരാബാദ്: 45 വയസ്സുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹത്തിനരികെ ഒരാഴ്ച കാവലിരുന്ന് അമ്മയും സഹോദരനും. ദുർഗന്ധം അയല്പക്കങ്ങളിൽ വ്യാപിച്ചിട്ടും മരണം തങ്ങൾ അറിഞ്ഞില്ലെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്.
വീടിനുള്ളിൽ നിന്നും കുറച്ച് ദിവസങ്ങളായി അസഹ്യമായ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽക്കാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്.
വീട്ടിലെ അംഗങ്ങൾ കാലാകാലങ്ങളായി പുറത്തിറങ്ങാറില്ലായിരുന്നു. പോലീസ് വന്ന് വാതിലിൽ മുട്ടിയിട്ടും തുറക്കാൻ ആരും കൂട്ടാക്കിയില്ല. തുടർന്ന് പൂട്ടുപൊളിച്ച് പോലീസ് അകത്ത് കടക്കുകയായിരുന്നു. പോലീസ് അകത്ത് കയറുമ്പോൾ, മെയിൻ ഹാളിൽ ഒരു കട്ടിലിൽ അഴുകിത്തുടങ്ങിയ നിലയിൽ കിടക്കുകയായിരുന്നു മൃതദേഹം.
മൃതദേഹത്തിനരികെ മരണപ്പെട്ട സ്ത്രീയുടെ അമ്മയും സഹോദരനും ഇരിപ്പുണ്ടായിരുന്നു. മരണവിവരം മറ്റുള്ളവരെ അറിയിക്കുകയോ മൃതദേഹം സംസ്കരിക്കുകയോ ചെയ്യാത്തത് എന്താണെന്ന പോലീസിന്റെ ചോദ്യത്തോട്, മരണം തങ്ങൾ അറിഞ്ഞില്ല എന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ഇവരുടെ മാനസിക നിലയിൽ പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് സ്ത്രീയുടെ മരണം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടപടികളും അന്വേഷണവും പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post