ശബരിമല: ദേവസ്വം ബോർഡിന്റെ നിലയ്ക്കലിലെ പെട്രോൾ പമ്പിലും ലക്ഷങ്ങളുടെ ക്രമക്കേട്. 20.69 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. പിടിക്കപ്പെട്ടതോടെ പമ്പിന്റെ ചുമതലക്കാരൻ മുങ്ങി. ദേവസ്വത്തിലെ ഉന്നതർക്കുൾപ്പെടെ ക്രമക്കേടിൽ പങ്കുണ്ടെന്നാണ് സൂചന.
നിലയ്ക്കലിലെ സ്വാമി അയ്യപ്പ ഫ്യുവൽസിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഏപ്രിൽ ഒന്ന് മുതൽ ഒക്ടോബർ 19 വരെയുളള കണക്കുകൾ ഓഡിറ്റ് ചെയ്തപ്പോഴാണ് വൻതുകയുടെ വെട്ടിപ്പ് പുറത്തുവന്നത്. ഇതേ തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും പമ്പിന്റെ ചുമതലക്കാരനായ അനൂപ് ഒളിവിൽ പോയി.
സംഭവത്തിൽ നിലയ്ക്കൽ അസിസ്റ്റന്റ് എൻജിനീയർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എങ്ങനെയാണ് വെട്ടിപ്പ് നടത്തിയതെന്ന വിവരം പുറത്തുവന്നിട്ടില്ല. ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിലെ പെട്രോൾ പമ്പിൽ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. പമ്പയിൽ പെട്രോൾ പമ്പുണ്ടെങ്കിലും പുറത്തുനിന്നുളള വാഹനങ്ങൾക്ക് ഇന്ധനം നൽകാറില്ല.
കിലോമീറ്ററുകൾ മാറി പെരുനാട്ടിലും എരുമേലി റോഡിൽ മുക്കൂട്ടുതറയിലുമാണ് ഈ മേഖലയിൽ മറ്റ് പെട്രോൾ പമ്പുകൾ ഉളളത്. അതുകൊണ്ടു തന്നെ തീർത്ഥാടക വാഹനങ്ങൾ ഉൾപ്പെടെ നിലയ്ക്കലിലെ പെട്രോൾ പമ്പിനെ ആശ്രയിക്കാറുണ്ട്. സകല രംഗത്തും അയ്യപ്പൻമാരെ ദേവസ്വം ബോർഡും സർക്കാരും കൊളളയടിക്കുകയാണെന്ന ആരോപണം നിലനിൽക്കെയാണ് ദേവസ്വം പമ്പിലെ ക്രമക്കേടും പുറത്തുവരുന്നത്. തട്ടിപ്പിൽ ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Discussion about this post