തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിപണിനിലവാരം നോക്കാതെ ക്രിസ്തുമസ് കേക്ക് വിൽപ്പനയ്ക്ക് ഇറങ്ങിയ മിൽമയ്ക്ക് ലഭിച്ചത് എട്ടിന്റെ പണി. ക്രിസ്തുമസ്-പുതുവത്സര വിപണി ലക്ഷ്യമിട്ട് നിർമ്മിച്ച 60,000 ത്തോളം കേക്കുകളാണ് തിരിച്ചെത്തിയത്. ഗുണനിലവാരം ഇല്ലാത്തതിനെ തുടർന്നാണ് ഉണ്ടാക്കിയത് അത്രയും തിരിച്ചെത്തിയത് എന്നാണ് വിവരം.
ഡയറക്ടർ ബോർഡ് അംഗങ്ങളുടെ എതിർപ്പ് മറികടന്നായിരുന്നു മിൽമ എറണാകുളം മേഖല, ബേക്കറി നിർമ്മാണ മേഖലയിൽ പരീക്ഷണത്തിന് തയ്യാറായത്. കേക്ക് ഉൽപ്പാദന മേഖലയിൽ വേണ്ടത്ര പരിചയം ഇല്ലാത്തതിനാൽ പുറത്തുനിന്ന് പരിചയസമ്പന്നരെ നിയമിക്കേണ്ടി വരുമെന്നും ഇത് വെല്ലുവിളിയാകുമെന്നും ബോർഡ് മെമ്പർമാർ ചൂണ്ടിക്കാട്ടിയിരുന്നു.
വർഷം മുഴുവൻ വിപണിയുള്ള പാലിലും മറ്റ് ഉൽപ്പനങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് പറഞ്ഞെങ്കിലും ചാലക്കുടി പ്ലാന്റ് നിന്ന് പോയതിനാൽ ഇവിടെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇത് സർക്കാർ ഏറ്റെടുക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കേക്ക് നിർമ്മാണം ആരംഭിച്ചത്.
സാധാരണ കേക്ക് ഓർഡർ ചെയ്താണ് വിൽപ്പന നടത്തുന്നത്. ഇത് മറച്ചുവെച്ച് സീസണിൽ ഒരു ലക്ഷം കേക്ക് ചെലവാകുമെന്ന് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് എറണാകുളം മേഖലയിലെ നേതൃത്വം നിർമ്മാണ അനുമതി വാങ്ങിച്ചെടുത്തത്. കഴിഞ്ഞ നാല് വർഷത്തെ ക്രിസ്തുമസ് സീസണിലും ശരാശരി വിൽപ്പന 30,000 കേക്ക് ആണെന്നിരിക്കെയാണ് അസത്യം പറഞ്ഞ് കേക്ക് നിർമ്മാണവും വിതരണവും. തിരിച്ചെത്തിയ കേക്കുകൾ എന്ത് ചെയ്യുമെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം
Discussion about this post