ആലപ്പുഴ: ഭിന്നശേഷിക്കാരായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നവകേരള സദസ്സിന് നേരേ പ്രതിഷേധിക്കുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ അജിമോൻ കണ്ടല്ലൂരിന് ക്രൂരമായ മർദ്ദനമേറ്റത്. എഐസിസി അംഗം ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് കേസെടുത്തത്. ഡിവൈഎഫഐക്കാരാണ് അജിമോനെ മർദ്ദിച്ചത്.
മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച അജിമോനെ സമീപത്തെ പോലീസുകാർ എടുത്തു മാറ്റുകയായിരുന്നു. എന്നാൽ, ഇതിനിടെ, പിറകിൽ നിന്നെത്തിയ ഡിവൈഎഫ്ഐക്കാർ അജിമോനെ ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പരിക്കേറ്റ അജിമോൻ ഇപ്പോൾ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കായംകുളത്തെ നവകേരള സദസ്സിന് നേരെയാണ് അജിമോൻ കരിങ്കൊടി കാണിച്ചത്. പോലീസുകാർ എടുത്തു മാറ്റിയതിന് പിന്നാലെ വന്ന ഡിവൈഎഫ്ഐയുടെ പ്രവർത്തകർ തന്നെ പിറകിൽ നിന്നും ചവിട്ടുകയായിരുന്നെന്ന് അജിമോൻ വ്യക്തമാക്കി. ഇന്നോടെ ലോകം അവസാനിക്കുന്നില്ലെന്നും തന്നെ ഇല്ലായ്മ ചെയ്യുമെന്നും ഇവർ ഭീഷണിപ്പെടുത്തിയതായും അജിമോൻ പറയുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന താൻ പുറത്തിറങ്ങിയാൽ ജീവന് വരെ ഭീഷണിയുണ്ടെന്നും അജിമോൻ കൂട്ടിച്ചേർത്തു.
Discussion about this post