ടെൽ അവീവ്: ഗാസയിൽ ഹമാസ് ഭീകരർ ഒളിഞ്ഞിരിക്കുന്ന തുരങ്കങ്ങളിലേക്ക് കടൽ വെള്ളം പമ്പ് ചെയ്ത് കയറ്റാൻ ഇസ്രയേൽ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഗാലൻ കണക്കിന് വെള്ളം പമ്പ് ചെയ്ത് കയറ്റുന്നതിന് വേണ്ടി വിവിധ മേഖലകളിൽ ഇസ്രയേൽ സൈന്യം പടുകൂറ്റൻ പമ്പുകൾ സജ്ജീകരിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇസ്രയേലിന്റെ നീക്കം ഗാസയിലെ ശുദ്ധജല വിതരണത്തെയും കാർഷിക സാദ്ധ്യതകളെയും പാടേ നശിപ്പിക്കും എന്ന് ഒരു വിഭാഗം പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നു. ഗാസയിലെ തുരങ്കങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ശുദ്ധജല സംഭരണികളിൽ കടൽ വെള്ളം എത്താൻ സാദ്ധ്യതയുണ്ടെന്നും ഇത് വലിയ ദുരന്തങ്ങൾക്ക് കാരണമാകും എന്നുമാണ് ഇവർ വാദിക്കുന്നത്.
എന്നാൽ നിയന്ത്രിതമായ അളവിൽ തുരങ്കങ്ങളിലേക്ക് കടൽ വെള്ളം പ്രവേശിപ്പിച്ചാൽ ഇത് ശുദ്ധജല സംഭരണിയിലേക്ക് കടക്കാനുള്ള സാദ്ധ്യത കുറവാണെന്ന് മറുപക്ഷം വാദിക്കുന്നു. ഇത് കൃഷിയെയോ വ്യവസായങ്ങളെയോ പരിസ്ഥിതിയെയോ സാധാരണ ജനജീവിതത്തെയോ പ്രകടമായി ബാധിക്കില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രികൾക്കും ജനവാസ കേന്ദ്രങ്ങൾക്കും അടിയിലെ തുരങ്കങ്ങളിൽ ഹമാസ് ഭീകരവാദികൾ പരിശീലനം നടത്തുന്നതായും ആയുധ സംഭരണം നടത്തുന്നതായും ഇസ്രയേൽ നേരത്തേ ആരോപിച്ചിരുന്നു. കിലോമീറ്ററുകൾ നീളമുള്ള ഇത്തരം തുരങ്കങ്ങളുടെ ദൃശ്യങ്ങളും ഇസ്രയേൽ പ്രതിരോധ സേന പുറത്ത് വിട്ടിരുന്നു.
Discussion about this post