ആലപ്പുഴ: സിപിഎമ്മിന്റെ ‘ രക്ഷാപ്രവർത്തനത്തിന്’ എതിരെ മുൻമന്ത്രി ജി സുധാകരൻ. മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിയ്ക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യർ ആയിരിക്കണമെന്നും എങ്കിൽ മാത്രമേ വോട്ട് ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാറു പേര് കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാൽ പാർട്ടി ഉണ്ടാകുമോ? അങ്ങനെ പാർട്ടി വളരുമെന്നാണ് ചിലർ കരുതുന്നത്. തെറ്റാണത്. ഇങ്ങനെയൊന്നുമല്ലെന്ന് അറിയാവുന്നത് കൊണ്ടാണ് പറയുന്നത്. പാർട്ടിക്ക് വെളിയിലുള്ളവർക്ക് നമ്മൾ സ്വീകാര്യനല്ലെങ്കിൽ അസംബ്ലിയിൽ നിങ്ങളെങ്ങനെ ജയിക്കും. മാർക്സിസ്റ്റുകാർ മാത്രം വോട്ടു ചെയ്താൽ ജയിക്കാൻ പറ്റുമോ. അത് അപൂർവം മണ്ഡലങ്ങളിലെയുള്ളൂ. കണ്ണൂരിലങ്ങാനും ഉണ്ടെങ്കിലേയുള്ളൂ. ആലപ്പുഴയിലെങ്ങുമില്ല. മറ്റുള്ളവർകൂടി വോട്ടുചെയ്യണം. അവരാണ് ഭൂരിപക്ഷം കയറി വരുന്നത്. അങ്ങനെയാണ് പ്രസ്ഥാനം പറഞ്ഞിട്ടുള്ളതും. അപ്പോൾ നമ്മൾ അങ്ങനെ തന്നെ വേണം. മറ്റുള്ളവർക്ക് കൂടി സ്വീകാര്യനാകണമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 12 ശതമാനം ആയിരുന്നു കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ 2.5 ശതമാനമായി. കേരളത്തിൽ 47 ശതമാനമാണ്. അതുകൊണ്ട് ശാന്തമായി ക്ഷമയോടെ നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി ഒരുപാട് മുന്നോട്ട് പോകേണ്ട ഒരു പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഞങ്ങള് കുറച്ചുപേർ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
Discussion about this post