കോട്ടയം, എറണാകുളം; റബറിന് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്രസർക്കാർ സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് ടയർ കമ്പനികളിലേക്ക് പാർട്ടി അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ച് സിപിഎം. കോട്ടയം വടവാതൂരിലെ എംആർഎഫ്, കളമശേരി അപ്പോളോ ടയേഴ്സ് എന്നിവിടങ്ങളിലേക്ക് ആയിരുന്നു മാർച്ച്.
റബറിന് 300 രൂപയാക്കിയാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നേരത്തെ നടത്തിയ പ്രസ്താവന ഇന്നും സജീവ ചർച്ചയായി നിലനിൽക്കുന്നതിന്റെ കൂടെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുളള സിപിഎം നീക്കം. കളമശേരി അപ്പോളോ ടയേഴ്സിലേക്ക് നടന്ന മാർച്ച് സംയുക്ത കർഷക സംസ്ഥാനസമിതി ചെയർമാൻ സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. എംആർഎഫിലേക്ക് നടന്ന മാർച്ചും ഉപരോധവും കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറി വിജൂ കൃഷ്ണൻ ആണ് ഉദ്ഘാടനം ചെയ്തത്.
ക്രോസ് പ്ലൈ ഇനം ടയറുകൾക്ക് സംഘടിതമായി വിലകൂട്ടാൻ ശ്രമിച്ചതിന് എംആർഎഫിന് 622 കോടി രൂപയും അപ്പോളോയ്ക്ക് 425 കോടി രൂപയും സിയറ്റിന് 252 കോടി, ജെകെ ടയേഴ്സിന് 309 കോടി, ബിർളയ്ക്ക് 178 കോടി, ആത്മ സംഘടനയ്ക്ക് 60 ലക്ഷം രൂപ എന്നിങ്ങനെ കാംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ(സിസിഐ) പിഴയിട്ടിരുന്നു. ഇത് കർഷകർക്ക് ലഭ്യമാക്കുകയാണ് സമരത്തിന്റെ ലക്ഷ്യമെന്നാണ് സിപിഎം സംഘടനകൾ പറയുന്നത്.
ടയർ കമ്പനികൾ കർഷകരിൽനിന്ന് കൊള്ളയടിച്ച പണം മുഴുവൻ തിരികെ കർഷകരിലേക്ക് എത്തിക്കുന്നത് വരെ പ്രക്ഷോഭങ്ങൾ തുടരുമെന്നും സംഘടനകൾ പറയുന്നു. ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സിപിഎം മലയോര കർഷകർക്ക് വേണ്ടി ജാഥയും മറ്റും നടത്തിയെങ്കിലും കാര്യമായ പ്രയോജനം ചെയ്തിരുന്നില്ല. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് കർഷകരുടെ കണ്ണിൽ പൊടിയിടാനുളള പുതിയ നീക്കമെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.
Discussion about this post