തൃശൂർ; ജനുവരി മൂന്നിന് തൃശൂരിൽ സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നടിയും നർത്തകിയുമായ ശോഭനയും ശീമാട്ടിയുടെ ഉടമസ്ഥ ബീന കണ്ണനും യുവക്രിക്കറ്റ് താരം മിന്നുമണിയും ഉൾപ്പെടെയുളളവർ പങ്കെടുക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
വൈക്കം വിജയലക്ഷ്മി, വെച്ചൂർ പശുവിന്റെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചതിന് രാജ്യം പത്മശ്രീ നൽകി ആദരിച്ച ശോശാമ്മ ഐപ്പ്, പിണറായി സർക്കാരിന്റെ അഴിമതിക്കും ധൂർത്തിനുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന അടിമാലി സ്വദേശിനി മറിയക്കുട്ടി തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സ്ത്രീസമൂഹത്തിന്റെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന നിരവധി പേർ സമ്മേളനത്തിൽ പങ്കെടുക്കും.
ഈ സമ്മേളനം ഒരു ചരിത്ര സമ്മേളനമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്വരാജ് റൗണ്ടിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും പിന്നാലെ രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന സ്ത്രീശക്തി സമ്മേളനവുമാണ് നടക്കുക.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രഗത്ഭരായ സ്ഥാനാർത്ഥികളെയാകും ബിജെപി അണിനിരത്തുകയെന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ സുരേന്ദ്രൻ പറഞ്ഞു. ഏറ്റവും മികച്ച പാനൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റേതാകും. ജനങ്ങളുടെ വിശ്വാസം നേടിയിട്ടുളളവരാകും സ്ഥാനാർത്ഥികൾ. ബിജെപിക്കുളളിൽ ഉളളവരെയും പൊതുസമ്മതരായ മറ്റുളളവരെയും പരിഗണിക്കും. കേരളത്തിലെ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും എംപിമാരെക്കൊണ്ട് അഞ്ച് പൈസയുടെ പ്രയോജനം ഇവിടുത്തെ ജനങ്ങൾക്ക് കിട്ടിയിട്ടില്ല. ഹാട്രിക് വിജയത്തിലേക്ക് പോകുന്ന നരേന്ദ്രമോദിയുടെ മുന്നണിക്ക് കൈ ഉയർത്തുന്ന എംപിമാരാണ് കേരളത്തിന് ആവശ്യമെന്ന് കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അൻപത് സീറ്റുകൾ പോലും തികയാത്ത രാഹുൽ ഗാന്ധിയുടെ പാർട്ടിക്കോ ചിത്രത്തിലേ ഇല്ലാത്ത സിപിഎമ്മിനോ വോട്ട് ചെയ്തതുകൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് യാതൊരു പ്രയോജനവും കിട്ടാൻ പോകുന്നില്ല. അതുകൊണ്ടു തന്നെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന, നാടിന്റെ വികസനം യാഥാർത്ഥ്യമാക്കുന്ന സ്ഥാനാർത്ഥികളായിരിക്കും എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുകയെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post