കോഴിക്കോട്: അധികാരത്തിലേറ്റിയ ജനങ്ങളോട് മാന്യമായിട്ടും വിനീതരായും പെരുമാറണമെന്ന് സിപിഎം പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി മുതിർന്ന നേതാവ് പി.ജയരാജൻ. നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനം രാജ്യത്തിൻറെ മതേതരത്വം സംരക്ഷിക്കുന്നനിലപാടാണ് സി പി എമ്മിനെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമ പ്രവർത്തകൻ ജിബിൻ പി മൂഴിക്കൽ അനുസ്മരണ സമ്മേളനത്തിൽ ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പോ എന്ന വിഷയത്തിലെ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജൻ.
ജനങ്ങളോട് അധികാര ഗർവോടെ പെരുമാറുകയല്ല കമ്യൂണിസ്റ്റുകാർ ചെയ്യേണ്ടതെന്നും അത് പാർട്ടിതന്നെ വ്യക്തമാക്കിയ കാര്യമാണെന്നും ജയരാജൻ പറഞ്ഞു. ‘കമ്മ്യുണിസ്റ്റുകാർ ജനങ്ങളോട് വിനീത വിധേയരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുമായുള്ള ബന്ധം ദൃഢമാവണം. അത് സംബന്ധിച്ച് എവിടെയെങ്കിലും പോരായ്മ വരുന്നുണ്ടെങ്കിൽ പരിശോധിച്ച് തെറ്റ് തിരുത്താൻ പാർട്ടിക്കകത്ത് സംവിധാനമുണ്ട്. നിരന്തരം അത്തരം തെറ്റുതിരുത്തൽ പ്രക്രിയ നടത്തുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് പി ജയരാജൻ പറഞ്ഞു.
ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണ്. ആരിഫ് മുഹമ്മദ് ഖാൻ കെട്ടിയ കോമാളി വേഷം മുൻ ഗവർണർ പി. സദാശിവം കെട്ടിയിട്ടില്ല. വിഡ്ഢിവേഷങ്ങൾ കെട്ടുന്ന, കോമാളിത്തരം കാണിക്കുന്ന ഗവർണർക്ക് വിശ്വാസ്യതയില്ല.തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ വെല്ലുവിളിക്കുകയാണ് ഗവർണർ. സർക്കാറിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വായിൽ തോന്നിയത് വിളിച്ചുപറയുന്നു. കേന്ദ്ര സർക്കാരിന്റെ ഏജന്റിനെ പോലെ പ്രവർത്തിക്കുകയാണ് ഗവർണറെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post