തിരുവനന്തപുരം; സംസ്ഥാനത്തെ ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാനായി കോടികൾ മുടക്കി സ്ഥാപിച്ച എഐ ക്യാമറ പ്രവർത്തനം നിലയ്ക്കുന്നു. എഐ ക്യാമറയുടെ കരാർ കമ്പനിയായ കെൽട്രോണിന് സംസ്ഥാന സർക്കാർ കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശികയാണ്. പണമില്ലാത്തതിനാൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടും ഒരു മാസമായി കെൽട്രോൺ തപാൽമാർഗം നോട്ടീസ് അയക്കുന്നില്ലെന്നാണ് വിവരം.
പ്രതിമാസം ഒരു കോടി രൂപയോളം സ്വന്തം നിലയ്ക്കു ചെലവഴിച്ചാണ് നിലവിൽ പദ്ധതി കെൽട്രോൺ നടത്തുന്നത്. ക്യാമറകൾ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും കമ്പനിക്ക് ലഭിച്ചിട്ടില്ല. ആദ്യ ഗഡുവായി സർക്കാർ കെൽട്രോണിനു നൽകേണ്ടിയിരുന്നത് 11.79 കോടി രൂപയാണ്. ക്യാമറകൾ സ്ഥാപിച്ചതിന്റെ പണം ഇനിയും ലഭിച്ചില്ലെങ്കിൽ കൺട്രോൾ റൂമുകളുമായി മുന്നോട്ടു പോകാനാകില്ലെന്നാണ് കെൽട്രോണിന്റെ നിലപാട്.
ക്യാമറയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതും നിയമലംഘനങ്ങളുടെ പിഴ ഏകോപിപ്പിക്കുന്നതുമായ കൺട്രോൾ റൂമുകൾക്കും പൂട്ടുവീഴുകയാണ്. ലക്ഷങ്ങൾ വൈദ്യുതി കുടിശ്ശികയായതോടെയാണിത്. കെ.എസ്.ഇ.ബി. ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് ഇതുവരെ കുടിശ്ശികയടക്കാൻ കഴിഞ്ഞിട്ടില്ല.
കരാർ പ്രകാരം വൈദ്യുതി കുടിശ്ശികയുൾപ്പെടെ നൽകേണ്ടത് കമ്പനിയാണ്. എന്നാൽ, സർക്കാർ പണം കൊടുക്കാത്തതിനാൽ കമ്പനിക്ക് അതിനു കഴിയുന്നില്ല. പണം കിട്ടാത്തതിനാൽ കെഎസ്ഇബി കൺട്രോൾ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയുമുണ്ട്.
കൺട്രോൾ റൂമുകളുടെ പ്രവർത്തനം നിലച്ചാൽ കേരളത്തിലെ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണമായും ഇല്ലാതാകും. ക്യാമറ നിയമലംഘനം കണ്ടെത്തിയാൽ വാഹനമുടമയ്ക്ക് ഫോണിൽ ഉടൻ അറിയിപ്പു ലഭിക്കാറുണ്ട്. എന്നാൽ, ഫോൺ നമ്പരും വാഹന നമ്പരുമായി ബന്ധിപ്പിച്ചാലേ ഇതു സാധ്യമാകൂ. അല്ലാത്തവരുടെ ഫോണിൽ അറിയിപ്പു ലഭിക്കാറില്ല. അത്തരക്കാർ തപാൽമാർഗം നോട്ടീസ് ലഭിച്ചാലേ നിയമ ലംഘനത്തെക്കുറിച്ച് അറിയാറുള്ളൂ. എന്നാൽ, ഒരുമാസമായി നോട്ടീസ് അയക്കാത്തതിനാൽ പിഴയെക്കുറിച്ച് പലരും അറിയുന്നില്ല. കുറച്ചു ജില്ലകളിൽ മാത്രമാണ് ഇപ്പോൾ നോട്ടീസ് അയക്കുന്നത്
Discussion about this post