തിരുവനന്തപുരം: കാണാതായ ജെസ്‌നയെ സിബിഐ കണ്ടെത്തുമെന്ന് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി. കേസിൽ ക്‌ളോഷർ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ലോഷർ റിപ്പോർട്ട് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജെസ്‌നയുടെ തിരോധാനത്തിൽ ഊർജ്ജിത അന്വേഷണം നടത്തി. കയ്യെത്തും ദൂരത്ത് ജെസ്‌നയുണ്ടെന്ന് കരുതിയിരുന്ന സമയം ആയിരുന്നു കോവിഡ് വന്നത്. ഇതോടെ പ്രതീക്ഷകൾ തെറ്റി. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലേക്ക് ആയിരുന്നു പോകേണ്ടിയിരുന്നത്. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പേരിൽ സംസ്ഥാനം ഒന്നര വർഷം അടച്ചിട്ടത് അന്വേഷണത്തെ ബാധിച്ചു.
ഇതിനിടെയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജെസ്‌ന മരീചിക ഒന്നും അല്ല. പെൺകുട്ടിയെ സിബിഐ കണ്ടെത്തും. ക്ലോഷർ റിപ്പോർട്ട് ഒരു സാധാരണ സാങ്കേതിക നടപടി മാത്രമാണ്.
ലോകത്ത് തെളിയാതെ കിടക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ട്. ടൈറ്റാനിക് മുങ്ങിപ്പോയി വർഷങ്ങൾ കഴിഞ്ഞാണ് യാഥാർത്ഥ്യം വ്യക്തമായത്. കേസ് തെളിയാതെ വരുമ്പോൾ പരസ്പരം പഴിക്കാറുണ്ട്. കുറ്റപ്പെടുത്തലിനും പഴിചാരലിനും പ്രസക്തിയില്ലെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു.
Discussion about this post