തൃശൂർ: തേക്കിൻകാട് മൈതാനത്തിൽ മലയാളത്തിൽ പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും നമസ്‌കാരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. സ്ത്രീശക്തി തന്നെ സ്വാഗതം ചെയ്തതിൽ നന്ദിയെന്നും തൃശൂർ പൂര നഗരിയിൽ നിന്ന് സന്ദേശം കേരളമെങ്ങും പരക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ശ്രദ്ധേയരായ വനിതകളെ അദ്ദേഹം അനുസ്മരിച്ചു. കൂടാതെ, ഗായിക നാഞ്ചിയമ്മ, പി.ടി ഉഷ, അഞ്ജു ബോബി ജോർജ് തുടങ്ങി രാജ്യത്തിന് മുന്നിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിയ വനിതകളേയും പ്രകീർത്തിച്ചു. നാടിന്റെ പുത്രിമാർ എന്നാണ് ഇവരെ നരേന്ദ്രമോദി അഭിസംബോധന ചെയ്തത്.
കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ. ഇത്രയും അധികം സ്ത്രീകൾ എന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ സന്തോഷമുണ്ട്. കാശിയുടെ മണ്ണിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ഞാൻ. കാശി ഭഗവാൻ ശിവന്റെ മണ്ണാണ്. അവിടെ നിന്നും വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിയത് അനുഗ്രഹമായി കാണുന്നു. കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ്, തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുടെ നാടാണ് കേരളം. കാർത്യായനി അമ്മ, ഭഗരധിയമ്മ തുടങ്ങി നിരവധിപേർക്ക് ജന്മം നൽകിയ നാടാണ് കേരളം. വനവാസികലാകാരിയായ നഞ്ചിയമ്മ. അവർ അത്ഭുത കലാകാരിയാണ്. അവർ ദേശീയ അവാർഡ് വരെ നേടി. പിടി ഉഷയെ പോലെ ഉള്ളവരെയും സൃഷ്ടിച്ച നാടാണ് കേരളം എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
സ്വാതന്ത്ര്യത്തിന് ശേഷം ഇടത് വലത് സർക്കാരുകൾ സ്ത്രീശക്തിയെ ദുർബലമായി കണ്ടുവന്നു പ്രധാനമന്ത്രി ആരോപിച്ചു. സ്ത്രീകൾക്ക് ലഭ്യമാകേണ്ട സംവരണം പോലും അവർ മറച്ചുവച്ചു. എന്നാൽ തന്റെ സർക്കാർ നാരീ സംവരണം യാഥാർത്ഥ്യമാക്കിയെന്നും, മുത്തലാഖ് പോലുള്ള സമ്പ്രദായങ്ങൾ നിറുത്തലാക്കി രാജ്യത്തെ സ്ത്രീകളുടെ അഭിമാനം സംരക്ഷിച്ചുവെന്നും വ്യക്തമാക്കി.
രാജ്യം മോദി ഗ്യാരന്റിയെ പറ്റി ചർച്ച ചെയ്യുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി വനിതാ സംവരണ നിയമം രാജ്യത്തെ വനിതകൾക്കുള്ള ഗ്യാരന്റിയാണെന്നും മുത്തലാഖ് മുസ്ലിം സഹോദരിമാർക്കുള്ള ഗ്യാരന്റിയാണെന്നും വ്യക്തമാക്കി. 10 കോടി ഉജ്വല കണക്ഷൻ മോദിയുടെ ഗ്യാരൻറിയാണ്. പതിനൊന്ന് കോടി പേർക്ക് ശുദ്ധജലം ഉറപ്പാക്കൽ മോദിയുടെ ഗ്യാരൻറിയാണ്. 60 ലക്ഷം വനിതകൾക്ക് അക്കൗണ്ട് എന്നതും മോദിയുടെ ഗ്യാരൻറിയാണ്. സ്ത്രീശക്തിയാണ് വികസിത രാഷ്ട്രത്തിന് ആധാരമെന്ന് പറഞ്ഞു.
Discussion about this post