ടെഹ്‌റാൻ: ഇറാനെ ഞെട്ടിച്ച് ഇരട്ട് സ്‌ഫോടനം. ആക്രമണത്തിൽ 70 ലധികം പേർ കൊല്ലപ്പെടുകയും 170 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.തെക്കുകിഴക്കൻ നഗരമായ കെർമനിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 2020ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് രണ്ട് സ്‌ഫോടനങ്ങളുണ്ടായത്. കല്ലറയ്ക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ പലരുടെയും നില അതീവഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. സംഭവം ഭീകരാക്രമണമാണോയെന്ന് പരിശോധിച്ച് വരികയാണ്.
സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് സ്യൂട്ട്കേസുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് ചില ഇറാനി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യ സ്ഫോടനം പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 2:50- ഓടെയും രണ്ടാമത്തേത് 15 മിനിറ്റുകൾക്ക് ശേഷവുമാണ് നടന്നത്.ഖാസിം സുലൈമാനിയുടെ അനുസ്മരണചടങ്ങിൽ പങ്കെടുക്കാനായി പ്രദേശത്ത് ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
സ്‌ഫോടനത്തിൽ പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയും സംഭവസ്ഥലത്ത് നിന്ന് ആശുപത്രികളിലേക്ക് മാറ്റുകയാണെന്ന് കെർമാൻ പ്രവിശ്യ റെഡ് ക്രസന്റ് മേധാവി റെസ ഫലാഹ് പറഞ്ഞു.
ഇറാൻ സൈന്യത്തിൻറെ ഭാഗമായ ഖുദ് സൈനിക വിഭാഗത്തിൻറെ തലവനായിരുന്നു ഖാസിം സുലൈമാനി. 2020 ജനുവരി മൂന്നിന് ഇറാഖിൽ യുഎസ് സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന്റെ ഉത്തരവനുസരിച്ചായിരുന്നു ആക്രമണം. ഇറാനിലെ ഏറ്റവും ശക്തനും ഇറാൻ പരമോന്നത നേതാവിന് ഏറ്റവും സ്വാധീനമുള്ള പട്ടാളമേധാവിയുമായിരുന്നു സുലൈമാനി. പതിനായിരങ്ങൾ അണിനിരന്ന വിലാപയാത്രയ്ക്ക് ശേഷമാണ് സുലൈമാനിയുടെ മൃതദേഹം അന്ന് മറവ് ചെയ്തത്.













Discussion about this post