തിരുവനന്തപുരം: ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും അതിനിടയിൽ പരിപാടി ഉദ്ഘാടനം ചെയ്ത് നടക്കാൻ സമയമില്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. ഷാളും പൂച്ചെണ്ടും ഹാരവും സ്വീകരിക്കില്ല. പാവപ്പെട്ട കുട്ടികൾക്കു നൽകാൻ സ്‌കൂൾ ബാഗും ബുക്കുകളും തന്നാൽ സ്വീകരിക്കും. സ്റ്റേജിൽ മന്ത്രിക്കു പ്രത്യേക കസേരയിടരുത്. സ്വാഗതപ്രസംഗം നീട്ടരുത്. പാർട്ടിക്കാർ മന്ത്രി ഓഫീസിലേക്ക് അധികം വരേണ്ടതില്ല. അവരെ ചൊവ്വാഴ്ച രാവിലെ 9 മുതൽ 11വരെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ കാണുമെന്നും മന്ത്രി പറഞ്ഞു.
നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ നിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. സർവീസ് ലാഭത്തിലാക്കാൻ സമയക്രമത്തിലും റൂട്ടിലും മാറ്റം വരുത്തും. നഷ്ടമാണെങ്കിൽ നിർത്തും. എല്ലായിടത്തും സർവീസ് എത്തിക്കാൻ സ്വകാര്യബസുകൾക്ക് അവസരമൊരുക്കുമെന്നും ചുമതലയേറ്റെടുത്ത ശേഷം മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി പ്രശനങ്ങൾ പരിഹരിക്കുമെന്നും വരുമാനത്തിനൊപ്പം കൂട്ടുക മാത്രം അല്ല ചെലവ് കുറക്കൽ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ ഉള്ള ശ്രമം നടത്തും. കെഎസ്ആർടിസി സ്റ്റാൻഡ്കളിൽ ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തും. കെഎസ്ആർടിസി ജനകീയം ആക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
Discussion about this post