തിരുവനന്തപുരം; സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബൃന്ദ അതിന് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്ന് ചോദിച്ച ഗവർണർ, പരാമർശം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിജെപി സ്ഥാനാർത്ഥിയായി കേരളത്തിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ബൃന്ദകാരാട്ട് വെല്ലുവിളിച്ചിരുന്നു. ഇതിനാണ് ഗവർണറുടെ മറുപടി. സർക്കാരിനെതിരെ ദിവസവും പ്രസ്താവനകൾ നടത്തി ഗവർണർ പദവിക്ക് അപമാനമുണ്ടാക്കാതെ പകരം മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഗവർണർ പരിഹരിക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നുവെന്നും ഗവർണർ വ്യക്തമാക്കി. രാജ്ഭവനിൽ വന്നാൽ ക്ഷണപത്രം പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.പോകാത്തത് എന്തെന്ന് മാദ്ധ്യമപ്രവർത്തകർ അന്വേഷിക്കണം. ഇത്തരം കാര്യങ്ങളിൽ മറുപടി പറയാൻ താത്പര്യമില്ല. തന്നോട് ചോദിക്കുന്നത് പോലെ മുഖ്യമന്ത്രിയോടും കാര്യങ്ങൾ ചോദിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരുമായി ഭിന്നതയില്ലെന്നും നിയമപരമായ ജോലി നിറവേറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post