തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ കേരളീയം പരിപാടിയുടെ പേരിൽ നടന്നത് വമ്പൻ ധൂർത്ത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സംസ്ഥാന സർക്കാർ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപ. ഏഴ് കലാപരിപാടികൾക്ക് മാത്രമുള്ള ചെലവാണിത്. എന്നാൽ പരിപാടി നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും സ്‌പോൺസർമാരുടെ വിശദാംശങ്ങൾ സർക്കാർ ഇത് വരെ പുറത്തുവിട്ടിട്ടില്ല. പരിപാടിയുടെ ചെലവ് സ്‌പോൺസർമാർ മുഖേനയായിരിക്കുമെന്നായിരുന്നു സർക്കാർ വാദം.
ഉദ്ഘാടന സമാപന സമ്മേളനങ്ങൾ നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ ഏഴ് ദിവസവും കലാപരിപാടികളുണ്ടായിരുന്നു. ആദ്യ ദിനം ശോഭനയുടെ നൃത്തം, എട്ട് ലക്ഷം രൂപയാണ് ഇതിന് നൽകിയത്. രണ്ടാം ദിനം മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന് സംഘടിപ്പിച്ച സ്‌പെഷ്യൽ ഷോ, സർക്കാർ കണക്കിൽ നൽകിയത് 8,30,000 രൂപ. മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച മാ ഷോ ആയിരുന്നു മൂന്നാംദിനം. കവിതകൾ കോർത്തിണക്കി കാവ്യ 23 എന്ന പേരിൽ നടത്തിയ പരിപാടിക്ക് ചെലവ് 40,5000 രൂപയാണ്. അഞ്ചാം ദിനം കെഎസ് ചിത്രയുടെ ഗാനമേള, സർക്കാർ നൽകിയത് 2,05,000 രൂപ, കലാമണ്ഡലം കലാകാരൻമാരുടെ ഫ്യൂഷൻ ഷോക്ക് 3,80,000.
സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിക്ക് 119000 രൂപയാണ് സാംസ്‌കാരിക വകുപ്പ് നൽകിയത്. ഏറ്റവും അവസാനം നടന്നതും ഏറ്റവും അധികം തുക വകയിരുത്തിയതും എം ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജയം ഷോ ആണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 990000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. സെൻട്രൽ സ്റ്റേഡിയത്തിലെ ഒരു വേദിയിൽ നടന്ന ഏഴ് പരിപാടികളുടെ മാത്രം വിശദാംശങ്ങളാണിത്.
നേരത്തെ പരിപാടിയുടെ പ്രചരണത്തിനായി മാത്രം നാലുകോടി രൂപ വകയിരുത്തിയത് വലിയ വിവാദമായിരുന്നു.മീഡിയ സെൻററുകൾ സജ്ജമാക്കിയത് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതാർ വരെ ഒരുക്കിയായിരുന്നു വമ്പൻ പ്രചാരണം. സോഷ്യൽ മീഡിയ പുഷിംഗ് ആന്റ് പ്രമോഷൻ എന്ന പേരിൽ മാത്രം 30 ലക്ഷത്തി 50000 രൂപയുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗിന് 15 ലക്ഷം, കേരളീയം പേജ് പ്രമോഷന് 50000 രൂപ, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും കൈകാര്യം ചെയ്യാൻ ആറ് ലക്ഷം രൂപയും വകയിരുത്തിയിരുത്തിയിരുന്നു.
Discussion about this post