മുംബൈ: നയൻതാര നായികയായ പുതിയ ചിത്രം അന്നപൂർണ്ണിയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മുംബൈ പോലീസ്. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതും മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളിലാണ് നടപടി. മുംബൈ എൽടി മാർഗ് പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ ചില രംഗങ്ങൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഫ്‌ഐആർ. സിനിമയിൽ വാത്മീകി രാമായണത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്ന രംഗങ്ങൾ ഉണ്ട്. ഭഗവാൻ ശ്രീരാമൻ വനവാസകാലത്ത് മാംസം ഭക്ഷിച്ചിരുന്നുവെന്നാണ് സിനിമയിൽ നായക കഥാപാത്രം നായികാ കഥാപാത്രത്തോട് പറയുന്നത്. ഇതേ തുടർന്ന് ബ്രാഹ്‌മണ വിഭാഗത്തിൽപ്പെട്ട നായിക മാംസം ഭക്ഷിക്കുന്നു. ഇതും ചിത്രത്തിന്റെ അവസാനഭാഗത്തുള്ള ചില രംഗങ്ങളുമാണ് പരാതിയ്ക്ക് ആധാരം.
ബിരിയാണി വികാരം ആണെന്ന് പറയുന്ന നായിക അത് ഉണ്ടാക്കുന്നതിന് മുന്നോടിയായി പർദ്ദയിട്ട് നിസ്‌കരിക്കുന്നു. നിസ്‌കാരമാണ് ബിരിയാണിയ്ക്ക് രുചി നൽകുന്നത് എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം തന്നെ ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതിയിൽ പറയുന്നത്. അവസാന രംഗങ്ങൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നുണ്ട്. ഹൈന്ദവ വിശ്വാസങ്ങളെ തെറ്റായ രീതിയിൽ പ്രദർശിപ്പിക്കുന്ന സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് പരാതിക്കാരുടെ ആവശ്യം. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് അന്നപൂർണ്ണി റിലീസ് ചെയ്തത്.
Discussion about this post