ന്യൂഡൽഹി: മാലിദ്വീപിലേക്കുള്ള വിമാനങ്ങളുടെ ബുക്കിംഗ് കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യൻ ഓൺലൈൻ ട്രാവൽ ഏജൻസിയായ ഈസി മൈ ട്രിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ മാലിദ്വീപിലെ മന്ത്രിമാർ അധിക്ഷേപ പരാമർശം നടത്തിയതിൽ പ്രതിഷേധിച്ചാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ടിക്കറ്റ് ബുക്കിംഗ് ഉണ്ടായിരിക്കില്ലെന്നും കമ്പനി അറിയിച്ചു.
ട്വിറ്ററിലൂടെയായിരുന്നു നിർണായക പ്രഖ്യാപനവുമായി കമ്പനി രംഗത്ത് എത്തിയത്. രാജ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നടപടിയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ‘തങ്ങളുടെ രാജ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. മാലിദ്വീപിലേക്കുള്ള എല്ലാ വിമാന ടിക്കറ്റ് ബുക്കിംഗുകളും റദ്ദാക്കി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ബുക്കിംഗ് ഉണ്ടായിരിക്കില്ല’ – കമ്പനി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെയാണ് മാലിദ്വീപിലെ മന്ത്രിമാർ രംഗത്ത് വന്നത്. മോദി കോമാളിയാണെന്നും, മാലിദ്വീപിനോട് മത്സരിക്കുക വ്യാമോഹമാണെന്നുമെല്ലാമായിരുന്നു മന്ത്രിമാരുടെ പ്രതികരണം. യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന, സഹമന്ത്രിമാരായ മാൽഷ,ഹസൻ സിഹാൻ എന്നിവരായിരുന്നു പ്രധാനമന്ത്രിയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്ത് എത്തിയത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ ഇവരെ മാലിദ്വീപ് ഭരണകൂടം സസ്‌പെൻഡ് ചെയ്തിരുന്നു.
Discussion about this post