ലക്ഷദ്വീപ് സന്ദർശനത്തിനിടെ പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച പോസ്റ്റ് മാലിദ്വീപിലെ ചിലമന്ത്രിമാരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. യുവശാക്തീകരണ വകുപ്പുമന്ത്രി മറിയം ഷിയുനയാണ് പ്രധാനമന്ത്രിയെ സഭ്യമല്ലാത്ത ഭാഷയിൽ ആദ്യം വിമർശിച്ച് രംഗത്തെത്തിയത്. പിന്നാലെ മാൽഷ ഷെരീഫ്, മഹ്‌സൂം മാജിദ് എന്നീ സഹമന്ത്രിമാരും ഇതേറ്റുപിടിക്കുകയായിരുന്നു. എന്നാൽ സംഭവം വിവാദമായതോട് മന്ത്രിമാരുടെ പ്രസ്താവന തള്ളിയ മാലിദ്വീപ് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്താണ് തലയൂരിയത്. ഇതോടെ വിനോദസഞ്ചാരകേന്ദ്രം എന്നതിനപ്പുറം മാലിദ്വീപ് ചർച്ചകളിൽ ഇടംപിടിക്കുകയാണ്.
ഏകദേശം 1200 ദ്വീപുകളുടെ കൂട്ടമാണ് മാലിദ്വീപ്. എന്നാൽ നൂറോളം ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ, ബാക്കിയുള്ള ദ്വീപുകളിൽ ജനവാസമില്ല.ബീച്ച് സൗന്ദര്യം കൊണ്ട് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് മാലിദ്വീപ്. ഇത് ഇന്നത്തെ കാര്യം. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് ഇതൊരു ഹിന്ദുഭൂരിപക്ഷ ദ്വീപ് സമൂഹമായിരുന്നു. മാലിദ്വീപ് ഭരിച്ചിരുന്ന ഭരണാധികാരികൾ ഇന്ത്യയിലെ ചോള സാമ്രാജ്യത്തിൽ നിന്നുള്ളവരാണെന്നും ചരിത്രകാരന്മാർ വിശ്വസിക്കുന്നുണ്ട്.ചോളൻമാർ മാലിദ്വീപിൽ എത്തുന്നതിന് മുൻപു തന്നെ കലിംഗ രാജാവായ ബ്രഹ്‌മാദിത്യൻ അവിടെ ഭരിച്ചിരുന്നതായി ചില ചരിത്രകാരൻമാർ വിശ്വസിക്കുന്നുണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ മഹാബർണ ആദിത്യൻ മാലിദ്വീപ് ഭരിച്ചിരുന്നു എന്നുള്ളതിന്റെ തെളിവുകൾ അവിടെ കണ്ടെടുക്കപ്പെട്ട ലിഖിതങ്ങളിൽ വ്യക്തമാണ്.
അറബ് വ്യാപാരികൾ വഴിയാണ് ഇസ്ലാം മതം മാലിദ്വീപിലേക്ക് എത്തിയത്. ബുദ്ധമതം കടന്നെത്തിയ സാഹചര്യത്തിൽ മാലിദ്വീപിലെ ഹിന്ദുമത വിശ്വാസികളെല്ലാം ബുദ്ധമതം സ്വീകരിച്ചിരുന്നു. എന്നാൽ ഇസ്ലാം മതം എത്തിയതോടെ ഈ ബുദ്ധമതം സ്വീകരിച്ചവർ ഇസ്ലാം മത വിശ്വാസികളായി മാറുകയായിരുന്നു. 12-ാം നൂറ്റാണ്ടിൽ, അവസാനത്തെ ബുദ്ധ ഭരണാധികാരി ധോവേമിയും ഇസ്ലാം മതം സ്വീകരിച്ചു.ഇതോടെ രാജ്യത്ത് ഇസ്ലാമിക വളർച്ച ഉച്ഛസ്ഥായിൽ എത്തുകയായിരുന്നു.
മാലിദ്വീപിൽ ഇപ്പോൾ 98 ശതമാനവും മുസ്ലീങ്ങളാണ്. ബാക്കിയുള്ള രണ്ടു ശതമാനം ജനസംഖ്യ മറ്റ് മതങ്ങളിൽ നിന്നുള്ളവരും. എന്നാൽ അവർക്ക് അവരുടെ മതചിഹ്നങ്ങൾ പ്രയോഗിക്കാനോ പൊതുസ്ഥലത്ത് ഉത്സവങ്ങൾ ആഘോഷിക്കാനോ അനുവാദമില്ല.മാലിദ്വീപ് പൗരത്വം വേണമെങ്കിൽ അവർ മുസ്ലീമായിരിക്കണം എന്ന നിയമവും ഇവിടെ നിലനിൽക്കുന്നുണ്ട്. അതും സുന്നി മുസ്ലീം. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ദ്വീപിലെ മതപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഒരു മുസ്ലീം പൗരനും സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു മതം സ്വീകരിക്കാൻ കഴിയില്ല. അങ്ങനെ ചെയ്താൽ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിൽ അവർ കടുത്ത ശിക്ഷയ്ക്ക് വിധേയനാകേണ്ടി വരും.
Discussion about this post