അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസന കുതിപ്പിന് വേഗം പകരുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കമായി. ഗുജറാത്തിന്റെ വികസനം ലക്ഷ്യമിട്ടുകൊണ്ട് നടത്തിവരുന്ന ഉച്ചകോടിയിൽ 135 രാജ്യങ്ങളിൽ നിന്നായി രണ്ടായിരം കമ്പനികളാണ് പങ്കെടുക്കുന്നത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇക്കുറി ഉച്ചകോടിയിലെ മുഖ്യാതിഥി. യുഎഇ പ്രസിഡന്റിന് പുറമേ വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, ഗവർണർമാർ, മറ്റ് മന്ത്രിമാർ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായിട്ടുള്ള ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോ പ്രാധമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തിരുന്നു.
പരിപാടിയിയിൽ രാഷ്ട്രത്തിന്റെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ ഉച്ചകോടിയിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. ആഗോള വ്യവസായ പ്രമുഖർ ഇന്ത്യയിൽ നടത്താനിരിക്കുന്ന സുപ്രധാന നിക്ഷേപങ്ങളുടെയും പദ്ധതികളുടെയും പ്രഖ്യാപനം നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരായ രണ്ട് വ്യവസായികളായ ഗൗതം അദാനിയും മുകേഷ് അംബാനിയും വൻ പ്രഖ്യാപനങ്ങളാണ് ഉച്ചകോടിയിൽ നടത്തിയത്.
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ നടത്തിയ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ അറിയാം…
1. അദാനി ഗ്രൂപ്പ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 4 ബില്യൺ ഡോളർ ഗുജറാത്തിൽ നിക്ഷേപിക്കുമെന്ന് ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. ഗുജറാത്തിൽ സാദ്ധ്യമാക്കുന്ന ഈ പദ്ധതിയിലൂടെ ഒരു ലക്ഷത്തിലേറെ പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഗൗതം അദാനി വ്യക്തമാക്കി.
2. ഇതിനോടൊപ്പം രാജ്യം ഗ്രീൻ എനർജിയിലേക്ക് മാറുന്നതിനായി അദാനി ഗ്രൂപ്പ് 100 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
3. ഗുജറാത്തിലെ ഹസീറയിൽ ഇന്ത്യയിലെ ആദ്യത്തെ കാർബൺ ഫൈബർ സൗകര്യം പ്രവർത്തികമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. 2024ൽ റിലയൻസ് ജാംനഗറിൽ 5000 ഏക്കറിൽ ഗ്രീൻ എനർജി ജിഗാ കോംപ്ലക്സ് സ്ഥാപിക്കുമെന്നും അംബാനി പറഞ്ഞു.
4. 2036 ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ലേലം മുകേഷ് അംബാനി സ്ഥിരീകരിച്ചു, ഇതുമായി ബന്ധപ്പെട്ട വികസന പദ്ധതികളിൽ അധികാരികളെ റിലയൻസ് സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
5. ഗുജറാത്തിലെ ധോലേരയിൽ അർദ്ധചാലക ഫാബ് നിർമ്മിക്കാൻ കമ്പനി പദ്ധതിയിടുകയാണെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പ്രഖ്യാപിച്ചു. 2024ൽ തന്നെ ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും ഗുജറാത്ത് ഉച്ചകോടിക്കിടെ അദ്ദേഹം വ്യക്തമാക്കി.
6. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഗുജറാത്തിലെ സാനന്ദിൽ 20 ജിഗാവാട്ട് ലിഥിയം അയൺ സ്റ്റോറേജ് ബാറ്ററി ഫാക്ടറി നിർമിക്കുമെന്ന പ്രഖ്യാപനവും ടാറ്റ ഗ്രൂപ്പ് നടത്തി.
7. ആഗോള വാഹന കമ്പനിയായ സുസുക്കി തങ്ങളുടെ രണ്ടാമത്തെ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാൻ 35,000 കോടി ഗുജറാത്തിൽ നിക്ഷേപിക്കുമെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് തോഷിഹിരോ സുസുക്കി ഉച്ചകോടിയിൽ പ്രഖ്യാപിച്ചു.
8. ഡച്ച്, സിംഗപ്പൂർ കമ്പനികൾ വരുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 7 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു.
9. പ്രതിവർഷം 24 ദശലക്ഷം ടൺ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ ഫാക്ടറി 2029 ഓടെ ഗുജറാത്തിലെ ഹാസിറയിൽ നിർമ്മിക്കുമെന്ന് ആർസലർ മിത്തൽ ചെയർമാൻ ലക്ഷ്മി മിത്തൽ പ്രഖ്യാപിച്ചു.
10. വരും വർഷങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ എത്തുമെന്ന് എല്ലാ പ്രമുഖ ഏജൻസികളും കണക്കാക്കിയിട്ടുണ്ടെന്ന് ഉച്ചകോടിയിൽ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. യുണൈറ്റഡ് അറബ് എമിറേറ്റുകളുമായി ഇന്ത്യ സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും കോടിക്കണക്കിന് നിക്ഷേപം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post