എറണാകുളം: പ്രവാചന നിന്ദ ആരോപിച്ച് പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ സവാദിന്റെ തിരിച്ചറിയൽ പരേഡിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് എൻഐഎ. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. ഇന്നലെ രാവിലെയാണ് സവാദ് അറസ്റ്റിലായത്.
സവാദിനെ അതിവേഗത്തിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എൻഐഎയുടെ തീരുമാനം. അതിനാൽ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഈ സാഹചര്യത്തിൽ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇന്ന് തന്നെ നൽകിയേക്കും എന്നാണ് സൂചന.
സവാദിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ രണ്ടും വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ഈ മാസം 24വരെ സവാദ് റിമാൻഡിലാണ്.
Discussion about this post