മുംബൈ: കാമുകിയായ സിഖ് യുവതിയെ ലോഡ്ജ് മുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷോയബ് ഷെയ്ഖ് അറസ്റ്റില്‍. 35 വയസ്സുകാരിയായ അമിത് കൗറിനെ കൊലപ്പെടുത്തിയ കേസിലാണ് 24 വയസ്സുകാരനായ ഷോയബ് ഷെയ്ഖിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. നവി മുംബൈയില്‍ ജനുവരി 8നായിരുന്നു കൊലപാതകം.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഡേറ്റിംഗ് ആപ്പ് വഴിയാണ് അമിത് കൗര്‍ ഷോയബ് ഷെയ്ഖിനെ പരിചയപ്പെടുന്നത്. കൗറിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന് വേണ്ടിയായിരുന്നു ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്.
ആഘോഷത്തിനിടെ, അമിത് കൗറിന്റെ ആണ്‍ സൗഹൃദങ്ങളെ ഷെയ്ഖ് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ ഷെയ്ഖ് കൗറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ പുറത്തിറങ്ങിയ പ്രതി സാക്കിനാക്കയിലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.
കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ച പോലീസ്, ലോഡ്ജ് മുറിയില്‍ നിന്നും അമിത് കൗറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലോഡ്ജില്‍ നല്‍കിയിരുന്ന തിരിച്ചറിയല്‍ രേഖയില്‍ നിന്നാണ് പോലീസിന് ഷോയബ് ഷെയ്ഖിനെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിന്നും രാത്രി തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായും ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. സ്വകാര്യ ബാങ്കില്‍ മാനേജരായിരുന്നു കൊല്ലപ്പെട്ട അമിത് കൗര്‍. ഷോയബ് ഷെയ്ഖ് വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ്. ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടി മാതാവിനൊപ്പം താമസിക്കുകയായിരുന്ന അമിത് കൗറിന് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഒരു മകളുണ്ട്.
Discussion about this post