ഭൂമിയിൽ ജീവിക്കുന്ന ഏതൊരാൾക്കും ബഹിരാകാശം എന്നുമൊരു കൗതുകമാണ്. ഭൂമിക്കപ്പുറമുള്ള ലോകത്ത് എന്ത് സംഭവിക്കുന്നു,എങ്ങനെ ഇരിക്കും എന്നതിനെ കുറിച്ചെല്ലാം അറിയാൻ മനുഷ്യകുലം അതീവതൽപ്പരനാണ്. അത്‌കൊണ്ടുതന്നെയാണ് വർഷംതോറും നിരവധി ബഹിരാകാശ പര്യവേഷണങ്ങളുമായി രാജ്യങ്ങൾ എത്തുന്നത്.
അങ്ങനെയെങ്കിൽ ബഹിരാകാശത്തിന്റെ ഗന്ധം എന്തായിരിക്കും.. വ്യത്യസ്മായ ചോദ്യം അല്ലേ? കണ്ടുപിടിക്കാൻ പ്രയാസം. കാരണം,ബഹിരാകാശത്ത് നമ്മുടെ ജീവവായുവായ ഓക്‌സിജൻ ഇല്ലെന്നുള്ളത് നമുക്കേവർക്കും അറിയാവുന്ന കാര്യമാണ്. പ്രത്യേക സ്യൂട്ടുകൾ ധരിച്ചാണ് ബഹിരാകാശ സഞ്ചാരികൾ അവിടെ ജീവിക്കുന്നത്. അത് കൊണ്ട് തന്നെ മൂക്കുകൊണ്ട് ഗന്ധം മനസിലാക്കാൻ മനുഷ്യന് സാധിച്ചിട്ടില്ല.
എന്നാൽ ബഹിരാകാശത്തിന്റെ ഗന്ധമെന്തെന്ന് ചില ബഹിരാകാശ യാത്രികൾ തങ്ങളുടെ യാത്ര കഴിഞ്ഞ ശേഷം വിവരിച്ചിട്ടുണ്ട്. പേടകത്തേക്ക് മടങ്ങിയെത്തിയശേഷം അവരുടെ സ്യൂട്ടുകളിൽ നിന്നാണ് അവർ ബഹിരാകാശത്തെ ഗന്ധത്തെ കുറിച്ച് മനസിലാക്കിയത്.
അപ്പോളോ മൂൺ ലാൻഡിംഗ് സമയത്ത്, ബഹിരാകാശയാത്രികർ ഈ ഗന്ധത്തെ വെടിമരുന്ന് പോലെയെന്നാണ് വിശഷിപ്പിച്ചത്. അതേസമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) പോയവരിൽ ചിലർ അതിനെ കത്തിച്ച സ്റ്റീക്കിനോടാണ് താരതമ്യപ്പെടുത്തിയത്. അന്താരാഷ്ര ബഹിരാകാശ നിലയത്തിൽ മുൻപ് പോയിട്ടുള്ള പര്യവേക്ഷകൻ പെഗ്ഗി വൈറ്റ്‌സൺ 2002-ൽ സിഎൻഎൻ-ന് നൽകിയ അഭിമുഖത്തിൽ വെടിവച്ചതിന് ശേഷം ഉടൻ തോക്കിൽ നിന്നുയരുന്ന ഗന്ധമാണ് ബഹിരാകാശത്തിന്റെ ഗന്ധം എന്ന് പറയുന്നു. ലോഹത്തിന്റെയും കരിഞ്ഞ മാസംത്തിന്റെ ദുർഗന്ധം പോലെയാണെന്നും പറഞ്ഞവരുണ്ട്. പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ ആണ് ഈ ഗന്ധത്തിന് കാരണം. ഭൂമിയിലെ കരിഞ്ഞ ഭക്ഷണങ്ങളിലും പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിദ്ധ്യമുണ്ട്. അതായത് ഒരൊറ്റ ഗന്ധമല്ല, ഭൂമിയിലെ വ്യത്യസ്തമായ സ്ഥലങ്ങൾക്കും വസ്തുക്കൾക്കും വ്യത്യസ്തമായ ഗന്ധം ഉള്ളത് പോലെ തന്നെയാണ് ബഹിരാകാശത്തിന്റെയും അവസ്ഥ.
ഇതിന് മുൻപ് ബഹിരാകാശത്തിന്റെ ഗന്ധമുള്ള പെർഫ്യൂം ഒരു കമ്പനി ഇറക്കിയിരുന്നു.അമേരിക്കയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന നാസയ്ക്ക് വേണ്ടിയാണ് ആദ്യം ഈ ഗന്ധമുള്ള പെർഫ്യൂം തയ്യാറാക്കിയത്. ഒമേഗ ഇൻഗ്രീഡിയന്റ്‌സ് എന്ന കമ്പനിയുടെ സ്ഥാപകനും രസതന്ത്ര ശാസ്ത്രജ്ഞനുമായ സ്റ്റീവ് പിയേഴ്‌സ് ആണ് യു ഡേ സ്‌പേസ് പെർഫ്യൂമിന് പിന്നിൽ. ബഹീരാകാശത്തേക്ക് പോകുന്ന പര്യവേക്ഷകർക്ക് അവിടത്തെ സാഹചര്യവുമായി മുൻകൂട്ടി പൊരുത്തപ്പെടാൻ ആണ് ഈ പെർഫ്യൂം തയ്യാറാക്കിയത്. ബഹിരാകാശ പര്യവേഷകർ പറഞ്ഞത് പോലെ ഗൺ പൗഡറിന്റെയും, സ്റ്റീകിന്റെയും, റാസ്പബെറിയുടെയും റമ്മിന്റെയും എല്ലാം ചേർന്ന ഒരു സങ്കര ഗന്ധമാണ് പെർഫ്യൂമിന്.
Discussion about this post