ആലപ്പുഴ: ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ കെജി പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാധ്യതയും ഏറ്റെടുത്ത് നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, ബി.ജെ.പി പരിസ്ഥിതി സെൽ സ്റ്റേറ്റ് കോ-കൺവീനറും അപ്പർ കുട്ടനാട് കാർഷിക വികസന സമിതി ചെയർമാനുമായ ഗോപൻ ചെന്നിത്തല
ഇന്നലെ പട്ടികജാതി വർഗ വികസന കോർപ്പറേഷനിലെത്തി പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലുള്ള സ്വയം തൊഴിൽ വായ്പ പലിശയും കുടിശ്ശികയും ഉൾപ്പെടെ തിട്ടപ്പെടുത്തി. ഇന്നു രാവിലെ 11 മണിയോടെ ഓഫീസിലെത്തി മുഴുവൻ പണവും അടയ്ക്കുമെന്നാണ് വിവരം.
മൈക്രോ ഫിനാൻസ് ലോണുകളും പലിശക്കടങ്ങളും ഉൾപ്പെടെ മുഴുവൻ ബാധ്യതയും തീർക്കാമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രസാദിന് പണം കടം നൽകിയവരുമായും മൈക്രോ ഫിനാൻസ് കമ്പനികളുമായും ബന്ധപ്പെട്ട് ബാദ്ധ്യതകൾ തിട്ടപ്പെടുത്തി ഇടപാടുകൾ തീർക്കും.
കഴിഞ്ഞ ദിവസം പ്രസാദിന്റെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി എത്തിയിരുന്നു. ഇന്നലെ അടത്തേണ്ടിയിരുന്ന 17,600 രൂപ അദ്ദേഹം നൽകുകയായിരുന്നു. നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനമായി തന്റെ സഹായത്തെ കരുതിയാൽ മതിയെന്ന് പേര് വെളിപ്പെടുത്താനാകാത്ത ഇദ്ദേഹം പ്രതികരിച്ചു.
ജപ്തി നോട്ടീസ് വിവാദമായതോടെ മന്ത്രി കെ. രാധാകൃഷണനും വായ്പയിൽ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാൻ എസ്സി എസ്ടി കോർപറേഷന് നിർദേശം നൽകിയിരുന്നു.
Discussion about this post