കൊല്‍ക്കത്ത: മുനിസിപ്പല്‍ റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനകള്‍ നടത്തുന്നു. രണ്ട് മന്ത്രിമാരുടെയും മുന്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്റെയും വീടുകളിലാണ് റെയ്ഡുകള്‍ പുരോഗമിക്കുന്നത്.
മന്ത്രിമാരായ സുജിത്ത് ബോസ്, തപസ് റോയ്, തൃണമൂല്‍ നേതാവും നോര്‍ത്ത് ഡം ഡം മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ സുബോധ് ചക്രവര്‍ത്തി എന്നിവരുടെ വീടുകളില്‍ രാവിലെ മുതല്‍ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഇഡി സംഘത്തിന് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളില്‍ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ കേന്ദ്ര സേനയുടെ ശക്തമായ കാവലിലാണ് റെയ്ഡ്.
മന്ത്രിമാരും നേതാക്കളും കോഴ വാങ്ങി മുനിസിപ്പാലിറ്റി റിക്രൂട്ട്മെന്റ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി എന്നാണ് വിവരം. മുനിസിപ്പാലിറ്റി റിക്രൂട്ട്മെന്റ് പരീക്ഷയുടെ ഒ എം ആര്‍ ഷീറ്റുകളിലാണ് കോഴ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി കൃത്രിമം നടത്തിയത്.
സംഭവം അതീവ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. പശ്ചിമ ബംഗാള്‍ അദ്ധ്യാപക നിയമന അഴിമതിക്ക് സമാനമായ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
Discussion about this post