ബംഗലൂരു: കര്‍ണാടകയില്‍ ഇതരമതസ്ഥനായ പങ്കാളിയെ ആക്രമിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. സംഭവത്തില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി നിരവധി ദേശീയ, സംസ്ഥാന നേതാക്കള്‍ രംഗത്ത് വന്നു.
ക്രമസമാധാനം തകരുകയും പോലീസ് സംവിധാനം നിഷ്ക്രിയമായിരിക്കുകയും ചെയ്തിരിക്കുന്ന സംസ്ഥാനത്ത് മതമൗലികവാദികള്‍ പിടിമുറുക്കിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ സ്നേഹക്കട ഇസ്ലാമിക് സ്റ്റേറ്റിന്റെ വിളനിലമായെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൗനം ദുരൂഹമാണെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം അങ്ങേയറ്റം ഗുരുതരമാണെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെ കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്ന കര്‍ണാടക മുഖ്യമന്ത്രിക്ക് കീഴില്‍ സംസ്ഥാനത്ത് മതതീവ്രവാദികള്‍ അഴിഞ്ഞാടുകയാണെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക ചൂണ്ടിക്കാട്ടി. ബെലഗാവിയില്‍ ദളിത് യുവതി സമാനമായി ആക്രമിക്കപ്പെട്ട സംഭവവും അദ്ദേഹം ഉദ്ധരിച്ചു.
പട്ടാപ്പകലാണ് ഹിന്ദു യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മതമൗലികവാദികള്‍ മുസ്ലീം യുവതിയെ ആക്രമിക്കുകയും കൂട്ടബലാത്സംഗം ചെയ്ത ശേഷം വീഡിയോ എടുത്ത് സാമൂഹിക മാദ്ധ്യമങ്ങളില്‍ നിര്‍ഭയം പ്രചരിപ്പിക്കുകയും ചെയ്തത്. കര്‍ണാടക സര്‍ക്കാരും പോലീസും ഉറക്കത്തിലാണ്ട് പോയോ എന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ചോദിച്ചു. സ്ത്രീകള്‍ക്കായി അലമുറയിടുകയും പോരാടുകയും ചെയ്യുന്നു എന്ന് വാദിക്കുന്നവര്‍ എവിടെ പോയി ഒളിച്ചുവെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം സംഭവത്തില്‍ അഫ്താബ് മഖ്ബൂല്‍, മദര്‍സാബ് മുഹമ്മദ്, സമിയുള്ള എന്നിവര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ബലാത്സംഗം, അന്യായമായി സംഘം ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, ദേഹോപദ്രവം ഏല്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
കര്‍ണാടകയിലെ ഹവേരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സിര്‍സിയില്‍ നിന്നും കദ്രിയിലെത്തിയ യുവതി സുഹൃത്തിനൊപ്പം ഹോട്ടലില്‍ കയറി നിമിഷങ്ങള്‍ക്കകം ഒരുപറ്റം യുവാക്കള്‍ കൂട്ടമായെത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിനെ മൃഗീയമായി മര്‍ദ്ദിച്ച് അവശനാക്കി മൃതപ്രായനാക്കിയ ശേഷം അക്രമികള്‍ യുവതിയെ ആക്രമിച്ചു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം അക്രമികള്‍ യുവതിയെ സമീപത്തുള്ള ആളൊഴിഞ്ഞ കുറ്റിക്കാട്ടിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയെ കടത്തിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറിന്റെ ഡ്രൈവറും ഇവരെ പീഡിപ്പിച്ചു.
സംഭവത്തിന് ശേഷം അവശയായ യുവതിയെ റോഡില്‍ ഇറക്കിവിട്ട അക്രമികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് യുവതി തന്നെ നേരിട്ടെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവങ്ങളുടെ സ്വയം ചിത്രീകരിച്ച ചില ദൃശ്യങ്ങളും യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു.
Discussion about this post