കാസർകോട്: അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായ സവാദ് ഒളിവുജീവിതം നയിച്ചത് നിരവധി വ്യാജ രേഖകളുടെ സഹായത്തോടെ. സവാദിന്റെ വിവാഹരജിസ്‌ട്രേഷന് ഉപയോഗിച്ചകും ഷാജഹാൻ എന്ന കള്ള പേരാണ്. കാസർകോട്് ഉദ്യാവർ ആയിരം ജുമാമസ്ജിദിൽ 27/02/2016 ൽ ഷാജഹാൻ എന്ന പേരിലാണ് സവാദ് വിവാഹം രജിസ്റ്റർ ചെയ്തത്. കണ്ണൂർ ചിറക്കലിലെ പി പി ഹൗസ്, കുന്നുകൈ എന്ന അഡ്രസാണ് രജിസ്റ്റേഷനായി നൽകിയത്. പിതാവിന്റെ പേര് നൽകിയതും വ്യാജമാണ്. കെ പി ഉമ്മർ എന്നാണ് വിവാഹ രജിസ്റ്ററിൽ നൽകിയത്.
വ്യാജ പേര് ഉപയോഗിച്ച് വന്നെങ്കിലും മൂത്ത കുട്ടിയുടെ ജനനസമയത്ത് കാണിച്ച പിഴവാണ് എൻഐഎ ഉദ്യോഗസ്ഥർക്ക് തുമ്പായത്. മൂത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നൽകിയത് യഥാർത്ഥ പേരാണ്. മംഗൽപ്പാടി പഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റിലാണ് അച്ഛൻറെ പേര് എം എം സവാദ് എന്ന് രേഖപ്പെടുത്തിയത്.
മഞ്ചേശ്വരത്തെ ഒരു നിർധന കുടുംബത്തിൽ നിന്നാണ് സവാദ് വിവാഹം കഴിച്ചത്. അവിടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാവാണ് ഇതിനുള്ള സഹായം നൽകിയത്. ഓട്ടോഡ്രൈവറായ ഭാര്യാപിതാവ് മംഗളൂരുവിനടുത്ത ആരാധനാകേന്ദ്രത്തിൽവെച്ചാണ് സവാദിനെ പരിചയപ്പെട്ടത്. അനാഥനാണെന്നും ഷാജഹാനെന്നാണ് പേരെന്നും കണ്ണൂർ സ്വദേശിയാണെന്നുമാണ് അന്ന് പറഞ്ഞത്. തുടർച്ചയായ കൂടിക്കാഴ്ചയെത്തുടർന്നാണ് 10 മക്കളുടെ പിതാവായ ഓട്ടോഡ്രൈവർ മകളുമായുള്ള കല്യാണം നടത്തിയത്.
കണ്ണൂരിൽ മൂന്നിടങ്ങളിലാണ് ഒളിവിൽ താമസിച്ചത്. വളപട്ടണം മന്നയിൽ അഞ്ചുവർഷവും ഇരിട്ടി വിളക്കോട്ട് രണ്ടുവർഷവും മട്ടന്നൂർ ബേരത്ത് ഒൻപതുമാസവുമാണ് ഒളിവുജീവിതം നയിച്ചത്. വിവാഹശേഷം വളപട്ടണത്താണെത്തിയത്. പിന്നീട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സഹായവുമായെത്തി. പ്രദേശത്തെ ഒരു പഴക്കടയിലാണ് ആദ്യം ജോലി നോക്കിയത്. ഒരുവർഷത്തിനുശേഷം മരപ്പണി പഠിക്കാൻ പോയി. തുടർന്ന് ഇരിട്ടി വിളക്കോട് ചാക്കാട്ടേക്ക് താമസം മാറ്റി. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ഇത് അറിയാമായിരുന്നതായി പോലീസ് പറയുന്നു. ഇതിനിടെ കൈവെട്ട് കേസിന്റെ വിധി വന്നതോടെ മട്ടന്നൂർ ബേരത്തേക്ക് താമസം മാറി.
ഇയാൾ ഇടക്കാലത്ത് വിദേശത്തേക്ക് കടന്നെന്ന് പ്രചാരമുണ്ടായിരുന്നുവെങ്കിലും തിരുത്താൻ എൻഐഎ ശ്രമിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഈ നിശബ്ദത.
അറസ്റ്റ് ചെയ്യുന്ന നിമിഷംവരെ ഭാര്യക്ക് ഇയാളുടെ യഥാർഥ പേരോ കൈവെട്ട് കേസിലെ പ്രതിയാണെന്നോ അറിവുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കർണാടക അതിർത്തിയിൽ താമസിക്കുന്ന ഭാര്യക്ക് മലയാളം നന്നായി അറിയില്ലായിരുന്നു.
Discussion about this post