ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡി ബ്ലോക്കിന്റെ യോഗം ഇന്ന് നടക്കും. സീറ്റ് വിഭജന ചർച്ചകളുടെ പുരോഗതി ചർച്ച ചെയ്യാനാണ്ഇൻഡി കക്ഷി നേതാക്കൾ ഇന്ന് യോഗം ചേരുന്നത്. ഓൺലൈനായാണ് യോഗം. തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പങ്കെടുക്കില്ല. ഇന്നലെ വൈകിട്ടാണ് കോൺഗ്രസ് നേതാക്കൾ യോഗത്തെക്കുറിച്ച് അറിയിച്ചതെന്നും മുൻകൂട്ടി തീരുമാനിച്ച പരിപാടിയുള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മമത പറഞ്ഞതായും തൃണമൂൽ വൃത്തങ്ങൾ അറിയിച്ചു. മറ്റൊരു ദിവസത്തേക്ക് മാറ്റാൻ പറഞ്ഞെങ്കിലും കേട്ടില്ല. യോഗം കക്ഷി നേതാക്കളുടേതായതിനാൽ തൃണമൂൽ പ്രതിനിധിയെയും അയയ്ക്കില്ല.
മുന്നണി കൺവീനറെയും ഇന്ന് നിശ്ചയിച്ചേക്കും. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷിനാണ് സാദ്ധ്യത.സീറ്റ് വിഭജന ചർച്ചകളിലെ പുരോഗതിയും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട സംയുക്ത റാലികളെക്കുറിച്ചുമാണ് പ്രധാന ചർച്ച. കൺവീനറെയും തിരഞ്ഞെടുത്തേക്കും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്രയിൽ മുന്നണി നേതാക്കൾ പങ്കെടുക്കുന്നതും ചർച്ചയാകും.
ഇന്നലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ 2 സീറ്റ് നൽകാമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാഗ്ദാനം കോൺഗ്രസ് തള്ളി. 6 സീറ്റെങ്കിലും വേണമെന്ന് കോൺഗ്രസും അത്രയും ജയിക്കാനുള്ള കെൽപ് കോൺഗ്രസിനില്ലെന്നു തൃണമൂലും വ്യക്തമാക്കിയതോടെ ‘ഇൻഡി’ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകളിൽ പ്രതിസന്ധി രൂക്ഷമായിരുന്നു.
Discussion about this post