ഗുരുവായൂർ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗുരുവായൂരിൽ വിവാഹങ്ങൾ മാറ്റിവെച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തുകയാണ് ചെയതത്. അനുമതി ലഭിച്ചിട്ടുളള എല്ലാ വിവാഹങ്ങളും ഗുരുവായൂരിൽ അന്നു തന്നെ നടത്തുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെപി വിനയൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനം വിവാദമാക്കാൻ ഇടതുപക്ഷവും കോൺഗ്രസും ചേർന്ന് നടത്തുന്ന കുപ്രചരണമാണിതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ് കുമാർ ആരോപിച്ചു. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായിട്ടാണ് പ്രധാനമന്ത്രി ബുധനാഴ്ച ഗുരുവായൂരിൽ എത്തുക. ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുത്ത ശേഷമാകും പിറ്റേന്ന് ഗുരുവായൂരിൽ എത്തുക.
രാവിലെ ഏഴ് മണിക്ക് മുൻപ് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഇവിടെ നിന്ന് റോഡ് മാർഗം ഗുരുവായൂരിലെത്തും. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം ക്ഷേത്ര സന്ദർശനം. തുടർന്ന് രാവിലെ 8.45 ഓടെ വിവാഹത്തിൽ പങ്കെടുക്കും. സന്ദർശനത്തിന് മുന്നോടിയായുളള സുരക്ഷാ അവലോകനയോഗം ഞായറാഴ്ച നടക്കാനിരിക്കെയാണ് വിവാഹങ്ങൾ മാറ്റിവെച്ചെന്ന വാർത്ത പ്രചരിപ്പിക്കുന്നത്.
അടുത്തിടെ തൃശൂരിൽ രണ്ട് ലക്ഷത്തിലധികം വനിതകൾ പങ്കെടുത്ത സ്ത്രീശക്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രിക്ക് വലിയ വരവേൽപാണ് ലഭിച്ചത്. സ്വരാജ് റൗണ്ടിൽ നടത്തിയ റോഡ് ഷോ ഉൾപ്പെടെ കാണാൻ വൻ ജനത്തിരക്കായിരുന്നു. ഇതിന് പിന്നാലെ ഒരിക്കൽ കൂടി ജില്ലയിലെത്തുമ്പോൾ ബിജെപിക്ക് രാഷ്്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് വ്യാപകമായി വ്യാജ പ്രചാരണം അഴിച്ചുവിട്ടത്.












