ലക്‌നൗ: അകക്കണ്ണിലെ വെളിച്ചത്താൽ അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ രംഗോളി തീർത്ത് കോളേജ് വിദ്യാർത്ഥിനി. ബിഹാറിലെ ദർഭംഗ സ്വദേശിനിയായ മോണിക ഗുപ്തയാണ് കണ്ണുകെട്ടി രംഗോളിയിട്ട് ഏവരെയും വിസ്മയിപ്പിച്ചത്. രാമക്ഷേത്രവും ക്ഷേത്രം നോക്കി നിൽക്കുന്ന ഭഗവാൻ ശ്രീരാമന്റെയും സീതയുടെയും ചിത്രമായിരുന്നു മോണിക വരച്ചത്.
പ്രാണപ്രതിഷ്ഠയുടെ വാർത്തകൾ പത്രമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ മോണിക അയോദ്ധ്യയിൽ രംഗോളി തീർക്കണമെന്ന് രക്ഷിതാക്കളോട് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസമാണ് 450 കിലോമീറ്റർ താണ്ടി മോണികയും കുടുംബവും അയോദ്ധ്യയിൽ എത്തിയത്. തുടർന്ന് തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെ സഹായത്താൽ ക്ഷേത്രത്തിന് സമീപം ആഗ്രഹപ്രകാരം രംഗോളി തീർക്കുകയായിരുന്നു.
കറുത്ത തുണി കൊണ്ട് കണ്ണുകെട്ടിയായിരുന്നു മോണിക രംഗോളിയിട്ടത്. മോണികയുടെ അത്ഭുത പ്രകടനം കാണാൻ നിരവധി പേരാണ് തടിച്ച് കൂടിയത്. രംഗോളി ഇടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എംഎസ്‌സി കെമിസ്ട്രി വിദ്യാർത്ഥിനിയാണ് മോണിക. വർഷങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് മോണിക രാമക്ഷേത്രത്തിൽ എത്തി രംഗോളി തീർത്തത്. നാലാം വയസ്സു മുതൽ മോണിക കണ്ണുകെട്ടി രംഗോളി ഇടുന്ന വിദ്യ പരിശീലിച്ചുവരികയാണ്. മഹാഭാരത കഥയാണ് ഇതിനായി തന്നെ സ്വാധീനിച്ചത് എന്നാണ് മോണിക പറയുന്നത്.
രണ്ട് വയസ്സുമുതൽ തന്നെ മോണിക മഹാഭാരത കഥകളിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിൽ കുരുക്ഷേത്ര യുദ്ധം ദൃധരാഷ്ട്രർക്ക് വിവരിച്ച് നൽകുന്ന സജ്ഞയന്റെ കഥ മോണികയെ വളരെയധികം സ്വാധീനിച്ചു. ഇതിൽ നിന്നാണ് കണ്ണുകെട്ടി രംഗോളിയിടാൻ മോണിക ആരംഭിച്ചത്.
ഏഴാം വയസ്സിൽ ധ്യാനവും പരിശീലിക്കാൻ ആരംഭിച്ചു. ഇത് കണ്ണുകെട്ടി രംഗോളിയിടുന്നത് എളുപ്പമാക്കിയെന്ന് മോണിക പറയുന്നു. പതിയെ പതിയെ തന്നിൽ ആറാം ഇന്ദ്രീയത്തിന്റെ ശക്തിയുണ്ടെന്ന് മനസ്സിലാക്കി. ഈ ശക്തി പ്രകടമാക്കുക കൂടിയാണ് അയോദ്ധ്യയിൽ ചെയ്തതെന്നും മോണിക കൂട്ടിച്ചേർത്തു.













Discussion about this post