വാഷിംഗ്‌ടൺ: അമേരിക്കൻ ഉടമസ്ഥതയിൽ ഉള്ളതും പ്രവർത്തിപ്പിക്കുന്നതുമായ ചരക്കു കപ്പലിലേക്ക് ഇറാൻ പിന്തുണയുള്ള യമൻ തീവ്രവാദ ഗ്രൂപ്പുകളായി ഹൂതികൾ കപ്പൽ വേധ ബാലിസ്റ്റിക് മിസൈൽ അയച്ചെന്ന് വ്യക്തമാക്കി അമേരിക്കൻ സെൻട്രൽ കമാൻഡ്. കപ്പലിൽ ആളപായം ഒന്നുമില്ല. നേരിയ നാശനഷ്ടം സംഭവിച്ചെങ്കിലും കപ്പൽ അതിന്റെ പാതയിലാണെന്ന് അമേരിക്ക അറിയിച്ചു
യുഎസ് ആസ്ഥാനമായുള്ള ഈഗിൾ ബൾക്കിന്റെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ മാർഷൽ ഐലൻഡ്‌സ് ഫ്ലാഗ് ചെയ്‌ത ബൾക്ക് കാരിയറായ എം/വി ജിബ്രാൾട്ടർ ഈഗിളിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. കപ്പൽ അതിന്റെ യാത്ര തുടരുകയാണ്
അതേസമയം ഹൂത്തികൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്, അമേരിക്കൻ കപ്പലുകൾക്ക് നേരെ ഒന്നിലധികം മിസൈലുകൾ തൊടുത്തു വിട്ടിട്ടുണ്ടെന്ന് ഹൂതി സൈനിക വക്താവ് വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അമേരിക്കയും യു കെയും ചേർന്ന് ഹൂതി നിയന്ത്രിത യെമനിൽ സംയോജിത ആക്രമണം നടത്തിയത്. ഇതിനെ തുടർന്ന് ഹൂതികളുടെ തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെങ്കിലും കുറച്ചു കൂടെ ശക്തമായ ആക്രമണം ആയിരിന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അമേരിക്കൻ വസ്തുക്കളും മേഖലയിലെ തങ്ങളുടെ താല്പര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ എടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികളുടെ ആക്രമണങ്ങൾ തുടർന്നാൽ ഒരു പക്ഷെ കൂടുതൽ ആക്രമണങ്ങൾക്ക് സഖ്യകക്ഷികൾ തയ്യാറായേക്കും
Discussion about this post