രാമനാമം ജപിക്കണമെന്ന കെ.എസ് ചിത്രയുടെ വാക്കുകൾക്ക് നേരെ നടക്കുന്നത് സൈബർ ആക്രമണമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാമക്ഷേത്ര പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞതിനാണ് കേരളത്തിലെ ബഹുമാന്യയായ ഒരു ഗായിക സൈബർ ഇടത്തിൽ ആക്രമണങ്ങൾ നേരിടുന്നത്. ഇതൊന്നും കേരളാ പോലീസ് കാണുന്നില്ലേ?. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പോലീസ് മിണ്ടാത്തത്. സഹിഷ്ണുത പ്രസംഗിക്കുന്ന മാർക്സിസ്റ്റ് പാർട്ടി ഇതിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും വി മുരളീധരൻ ചോദിച്ചു.
ചിത്രക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ച അതേ ആളുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിൽ ക്രിസ്മസും റംസാനും ആഘോഷിക്കുന്നതിൽ തെറ്റില്ല. എന്തുകൊണ്ടാണ് രാമനാമം ജപിക്കുന്നത് കുറ്റകരമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘കഴിഞ്ഞ ദിവസം ഇന്ത്യയുടെ തന്നെ അനുഗ്രഹീതയായ ഗായിക കെ.എസ് ചിത്ര അവരുടെ ഒരു അഭിപ്രായം പറഞ്ഞു. 500 വർഷമായി ഇന്ത്യയിലെ സനാതന ധർമ വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കർമം നടക്കുന്നത് എല്ലാവർക്കും സന്തോഷിക്കാനുള്ള മുഹൂർത്തമാണ്. എല്ലാവരും രാമനാമം ജപിക്കണം. വിളക്കു കൊളുത്തണം എന്ന് മാത്രമാണ് ചിത്ര പറഞ്ഞത്. ഇതിനാണ് അവർക്ക് നേരെ സൈബർ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ഇത്രയും ബഹുമാന്യയായ കലാകാരിക്ക് നേരെ ഇത്രയും വലിയ ആക്രമണങ്ങൾ നടക്കുന്നത് പോലീസ് കാണുന്നില്ലേ. എന്തുകൊണ്ടാണ് കേരളാപോലീസ് ഒന്നും മിണ്ടാത്തത്.
കേരളത്തിൽ ക്രിസ്മസും റംസാനും ആഘോഷിക്കുന്നതിൽ തെറ്റില്ല. എന്തുകൊണ്ടാണ് രാമനാമം ജപിക്കുന്നത് കുറ്റകരമാകുന്നത്. കേരളത്തിൽ ഹൈന്ദവ വിശ്വാസികൾ പുറത്തിറങ്ങാനും പ്രതികരിക്കാൻ പാടില്ല എന്നൊക്കെ പറയുന്നത് അങ്ങേയറ്റം അപമാനകരമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഒരു താലിബാൻ സംസ്ഥാനമാകാൻ കേരളത്തെ അനുവദിക്കില്ല. ചിത്രയ്ക്കെതിരായ സെെബർ ആക്രമണങ്ങൾക്ക് പിന്നിൽ ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ച അതേ ആളുകളാണ്. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഇത്തരം പ്രവർത്തികളെ പ്രോത്സാഹിപ്പിക്കുകയാണ്’ – കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post