തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രിയ്ക്ക് പ്രത്യേകം സമ്മാനം ഒരുക്കി ദേവസ്വം ബോർഡ്. ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും പ്രധാനമന്ത്രിയ്ക്ക് കൈമാറും. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്.
തേക്കുമരത്തിലാണ് ഗുരുവായൂരപ്പന്റെ ദാരുശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ശിൽപി എളവള്ളി നന്ദനാണ് ശിൽപ്പം രൂപകൽപ്പന ചെയ്തിട്ടുള്ളത്. അദ്ദേഹത്തിനൊപ്പം കൂട്ടാളി നവീനും ശിൽപ്പ നിർമ്മാണത്തിൽ പങ്കാളിയായിരുന്നു. 19 ഇഞ്ച് ഉയരമുള്ള ശിൽപ്പം നാലര ദിവസം കൊണ്ടാണ് പൂർത്തിയാക്കിയിട്ടുള്ളത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ ദേവസ്വം സമ്മാനിച്ച ശിൽപം നിർമ്മിച്ചതും നന്ദനായിരുന്നു.
പ്രധാനമന്ത്രിക്ക് നൽകുന്ന ചുമർചിത്രം ഒരുക്കിയത് ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്. പ്രിൻസിപ്പാൾ കെ.യു.കൃഷ്ണ കുമാറും ചീഫ് ഇൻസ്ട്രക്ടർ എം.നളിൻ ബാബുവും ചുമർചിത്രം നിർമ്മിക്കാൻ മേൽനോട്ടം വഹിച്ചു. പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമർചിത്രമാണിത്. എഴുപത് സെ.മി. നീളവും 55 സെ.മീ. വീതിയുമുള്ള ചിത്രം ചുമരിന് സമാനമായ പ്രതലത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പാരമ്പര്യ ചുമർചിത്ര സമ്പ്രദായത്തിൽപഞ്ചവർണ്ണ സിദ്ധാന്തപ്രകാരം
പ്രകൃതി വർണ്ണങ്ങൾ ഉപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. പ്രകൃതിദത്ത നിറങ്ങൾ ചുമർചിത്രത്തിന് ശോഭ പകരുന്നു. താഴെ ഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന നാരായണീയത്തിലെ പ്രാരംഭ ശ്ലോകം ചിത്രത്തിന് ഭക്തി നിറവേകുന്നു.
മികവാർന്ന കലാസൃഷ്ടികൾ ചെയർമാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേർന്നാണ് ദേവസ്വത്തിന്റെ ഉപഹാരമായി പ്രധാനമന്ത്രിയ്ക്ക് സമ്മാനിക്കുക.












