ന്യൂഡല്‍ഹി:അമേരിക്കന്‍ ബുള്ളി നായയുടെ ആക്രമണത്തില്‍ ഏഴ് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. രോഹിണിയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നായ കുട്ടിയെ ആക്രമിച്ചത്. ഈ മാസം 9നാണ് സംഭവം.
കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ അയല്‍വാസിയുടെ നായയാണ് ആക്രമിച്ചത്.കുട്ടിയുടെ കൈയിലും കാലിലും ചെവിയിലും കണ്ണിലുമാണ് മുറിവേറ്റിട്ടുള്ളതെന്ന് പിതാവ് പറഞ്ഞു.ജനുവരി 12 ന് പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തു.മൃഗങ്ങളെ, മറ്റുള്ളവരുടെ ജീവനും സുരക്ഷയും ബാധിക്കും വിധം അലക്ഷ്യമായി വിടുക, എന്നതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ഇതിന് മുന്‍പും ഇന്ത്യയെ കൂടാതെ മറ്റുപലരാജ്യങ്ങളിലും ബുള്ളി നായയുടെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന നായ ആക്രമണങ്ങളെ തുടര്‍ന്ന് എക്സ് എല്‍ ബുള്ളി നായകള്‍ക്ക് ബ്രിട്ടനില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഈ ഇനം നായകള്‍ക്ക് നിരോധനമുണ്ടാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. എക്സ് എല്‍ ബുള്ളിയുടെ ആക്രമണത്തെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.എക്സ് എല്‍ ബുള്ളി വലിയ തരം നായകളുടെ വളര്‍ത്തലും വില്‍പ്പനയുമാണ് നിരോധിച്ചിരിക്കുന്നത്.
Discussion about this post