ഇടുക്കി: പൂപ്പാറയിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മൂലത്തറ സ്വദേശി കണ്ണന്റെയും ഭുവനേശ്വരിയുടെയും മകൻ മിത്രൻ ആണ് മരിച്ചത്. പന്നിയാർ പുഴയിലായിരുന്നു കുട്ടി വീണത്.
ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുടെ വീടിന് സമീപത്തുകൂടിയാണ് പുഴ ഒഴുകുന്നത്. വീടിന് സമീപത്ത് കളിച്ചുകൊണ്ട് ഇരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതെ ആകുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് അന്വേഷിച്ചു. എന്നാൽ കുട്ടിയെ കാണാതെ വന്നതോടെ പുഴയിൽ വീണിരിക്കാമെന്ന നിഗമനത്തിൽ എത്തുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പുഴയിലെ പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
Discussion about this post