ലക്നൗ: രാമക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള, ലോകത്തിലെ ഏറ്റവും വലിയ താഴ്, 1265 കിലോ ലഡ്ഡു എന്നിവ അയോദ്ധ്യയിലെത്തി. അലിഗഡിൽ നിന്നാണ് 400 കിലോ ഭാരമുള്ള താഴ് അയോദ്ധ്യയിലെത്തിയത്. ലഡ്ഡു എത്തിയത് ഹൈദരാബാദിൽ നിന്നാണ്.
ഹൈദരാബാദിലെ ശ്രീരാം കറ്ററിംഗ് സർവീസ് ആണ് ലഡ്ഡു സമർപ്പിച്ചത്. ‘ദൈവം ഞങ്ങളുടെ ബിസിനസിനെയും കുടുംബത്തെയും അനുഗ്രഹിച്ചു. ജീവിച്ചിരിക്കുന്ന കാലം വരെ ഒരു കിലോ ലഡ്ഡു ദിവസവും ഉണ്ടാക്കുമന്ന് ഞാൻ പ്രതിജ്ഞയെടുത്തിരുന്നു. ഈ ലഡ്ഡു ഒരു മാസം വരെ നിൽക്കും. 25 ആളുകൾ ചേർന്ന് മൂന്ന് ദിവസം കൊണ്ടാണ് ലഡ്ഡു തയ്യാറാക്കിയത്’ – കാറ്ററിംഗ് സർവീസിന്റെ ഉടമ നാഗഭൂഷൻ റെഡ്ഡി വ്യക്തമാക്കി.
അലിഗഡിലെ നോറംഗാബാദ് നിവാസികളായ സത്യ പ്രകാശ് ശർമ, അദ്ദേഹത്തിന്റെ ഭാര്യ രുക്മിണി ശർമ എന്നീ വയോധിക ദമ്പതികളാണ് താഴ് നിർമാണം ആരംഭിച്ചത്. ഈ അടുത്ത കാലത്താണ് സത്യ പ്രകാശ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് വേണ്ടിയായിരുന്നു അന്തിമനിർമ്മാണം പൂർത്തിയാക്കിയശേഷം രുക്മണി താഴ് ക്ഷേത്രത്തിന് നൽകിയത്.
അലിഗഡിൽ നിന്നും പൂജിച്ചശേഷമാണ് താഴ് അയോദ്ധ്യയിലേക്ക് കൊണ്ടുപോയത്. ക്രെയിൻ ഉപയോഗിച്ചായിരുന്നു താഴ് വാഹനത്തിലേക്ക് കയറ്റിയത്. ക്രൈയിൻ ഉപയോഗിച്ച് ഭീമൻ താഴ് വാഹനത്തിൽ കയറ്റുന്നത് കാണാനായി നിരവധി പേരാണ് ജയ് ശ്രീരാം വിളികളോടെ പ്രദേശത്തെത്തിയത്.
’10 അടി ഉയരവും 4.5 അടി വീതിയുമാണ് താഴിനുള്ളത്. നാലടി നീളത്തിലാണ് താഴിന്റെ താക്കോലുകൾ നിർമ്മിച്ചിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് നടന്ന അലിഗഢ് വാർഷിക പ്രദർശന മേളയിൽ ഈ താഴ് പ്രദർശിപ്പിച്ചിരുന്നു. ഇതിന് ശേഷം പൂട്ടിൽ ചില മിനുക്കു പണികളൊക്കെ ചെയ്തിട്ടുണ്ട്. അങ്ങേയറ്റം ഭക്തിയോടെയാണ് തന്റെ ഭർത്താവ് പൂട്ട് നിർമ്മിച്ചിരിക്കുന്നത്. രണ്ട് വർഷത്തെ ശ്രമഫലമായാണ് താഴ് നിർമ്മിച്ചത്. താഴ് രാമക്ഷേത്രത്തിൽ സമ്മാനിക്കണമെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. ഇതാണ് ഇപ്പോൾ നിറവേറിയത്’- രുക്മണി വിശദമാക്കി.
Discussion about this post