കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വിനോദസഞ്ചാരികളായി എത്തിയ അമ്മയ്ക്കും മകൾക്കും പരിക്ക്. കക്കയം ഡാമിന് സമീപത്തുളള പാർക്കിൽ വൈകിട്ട് 3.40 ഓടെയായിരുന്നു സംഭവം.
കൊച്ചി സ്വദേശികളായ നീതു ജോസ് മകൾ ആൻ മരിയ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീതുവിനെയാണ് പോത്ത് ആദ്യം ആക്രമിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം ഇരിക്കവേ കുതിച്ചെത്തിയ പോത്ത് ആക്രമിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർക്കൊപ്പം ഭയന്ന് ഓടുന്നതിനിടെ താഴെ വീണാണ് ആൻ മരിയയ്ക്ക് പരിക്കേറ്റത്.
നീതുവിന്റെ വയറിന്റെ ഭാഗത്താണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമെന്നാണ് ഡോക്ടർമാർ പറയുന്നത്. മകളുടെ മുഖത്താണ് പരിക്കേറ്റത്.
മലയോര വിനോദസഞ്ചാര കേന്ദ്രമാണ് കക്കയം. വനമേഖലയായ ഇവിടെ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശം കൂടിയാണ്. എന്നാൽ കാട്ടുപോത്തിന്റെ ആക്രമണം വിനോദസഞ്ചാരികൾക്ക് നേരെയുണ്ടാകുന്നത് ആദ്യ സംഭവമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post