“ഇരുപത് നൂറ്റാണ്ടുകളായി ഇന്ത്യ എന്റെ രാജ്യത്തെ കീഴടക്കുകയും ഞങ്ങളുടെ മേൽ സാംസ്കാരികമായി ആധിപത്യം പുലർത്തുകയും ചെയ്തു, അത് പക്ഷെ കേവലം ഒരു സൈനികനെ പോലും അവരുടെ അതിർത്തി കടന്ന് ഞങ്ങളുടെ രാജ്യത്തേക്ക് കയറ്റി വിടാതെ ആയിരിന്നു”
.
ലോകം കണ്ട ഏറ്റവും മികച്ച ഒരു നയതന്ത്രജ്ഞന്റെ വാക്കുകൾ ആയിരിന്നു അത്. ആ വ്യക്തിയുടെ പേര് ഹു ഷി എന്നും, ആ രാജ്യത്തിൻറെ പേര് ചൈന എന്നുമാണ്.
അതെ, അതായിരുന്നു ഇന്ത്യ. അതായിരുന്നു നമ്മുടെ സാംസ്‌കാരിക പശ്ചാത്തലം. നാം ഈ ലോകം കീഴടക്കിയ ഒരു കാലം ഉണ്ടായിരിന്നു, അത് ഒരിക്കലും അലക്സാണ്ടർ ചക്രവർത്തിയെ പോലെയോ, മുഗൾ ആക്രമണകാരികളെ പോലെയോ യുദ്ധത്തിന്റെ മാർഗ്ഗത്തിലൂടെ ആയിരുന്നില്ല. അറിവിലൂടെയും കലാ സാംസ്‌കാരിക മേഖലയുടെയും ആയിരിന്നു.
ജനുവരി 22 ന് ശ്രീരാമചന്ദ്ര പ്രഭു തന്റെ ജന്മ നാട്ടിലേക്ക് നൂറ്റാണ്ടുകൾ നീളുന്ന വനവാസം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ, ഇന്ത്യയുടെ ലോകമെമ്പാടുമുള്ള സ്വാധീനം പരിശോധിക്കാൻ സാക്ഷാൽ ഭഗവാൻ ശ്രീരാമന്റെ കഥയിൽ കൂടുതലായി നമുക്ക് എന്താണുള്ളത്
ഇന്ത്യക്ക് പുറത്ത് നമ്മൾ സ്വാധീനം ചെലുത്തിയ രാജ്യങ്ങൾ അനവധി ആയിരുന്നു, എന്നാൽ അവയിൽ ചൈന പോലെ പലരും ആ കൊടുക്കൽ വാങ്ങൽ വേണ്ടാ എന്ന് വച്ചിട്ടുണ്ട് കാലത്തിന്റെ പ്രവാഹത്തിൽ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. എങ്കിലും ചില രാജ്യങ്ങളിലെങ്കിലും ഇന്നും നമ്മുടെ ഭാരതത്തിന്റെ സാംസ്‌കാരിക ധാരയുടെ ആ മനോഹാരിത ഇന്ന് അവരുടെ തനത് സംസ്കാരത്തിന്റെ ഭാഗമായി നിലനിർത്തിയിട്ടുണ്ട്. അത്തരത്തിൽ തങ്ങളുടെ സാംസ്‌കാരിക തനിമയുടെ ഭാഗമായി രാമായണം ഇന്നും നിലനിർത്തുന്ന ആഘോഷിക്കുന്ന ഏതാനും ചില രാജ്യങ്ങളെ കുറിച്ച് നമുക്ക് ഒന്ന് നോക്കാം.
കാലാതിവർത്തിയായ ദേശാതിവർത്തിയായ രാമായണം
സനാതന ധർമ്മത്തിലെ രണ്ട് പ്രധാന ഇതിഹാസങ്ങളിലൊന്നായ രാമായണം ലോകമെമ്പാടും വ്യാപകമായി വായിക്കപ്പെടുന്ന ഒരു ഗ്രന്ഥമാണ് . ഒരു ആത്‌മീയ ഗ്രന്ഥം എന്ന നിലയിൽ അതിന്റെ പ്രാധാന്യം കൂടാതെ, ലോകമെമ്പാടുമുള്ള കലാകാരന്മാരെ ആകർഷിക്കുന്ന, വളരെ ആകർഷകവും മനോഹരവുമായ ഒരു കഥയും രാമായണത്തിനുണ്ട്. എഴുത്തുകാരും ചിത്രകാരന്മാരും മുതൽ നാടക കലാകാരന്മാരും വരെ, അതിന്റെ കാവ്യം ഗുണം മാത്രമെടുത്താൽ തന്നെ ഇന്നും ദശലക്ഷക്കണക്കിനു കലാകാരന്മാരെ ആകർഷിക്കുന്നത് തുടരുകയാണ് രാമായണം
ലോകമെമ്പാടും സാംസ്കാരികമായ കൊടുക്കൽ വാങ്ങലുകളിലൂടെ വിവിധ പതിപ്പുകളിൽ രാമായണം ആഘോഷിക്കപ്പെടുന്നു. ഇന്ത്യയെ കൂടാതെ തായ്‌ലൻഡ്, മ്യാൻമർ, കംബോഡിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും പ്രശസ്തമായ രാമായണ ആവിഷ്കാരങ്ങൾ ഉള്ളത്. ദേശങ്ങൾ മാറുമ്പോഴും കഥാപാത്രങ്ങൾ സാധാരണയായി അതേപടി നിലനിൽക്കുമ്പോൾ, കഥാ സന്ദർഭങ്ങൾക്ക് വ്യത്യാസം കണ്ടു വരുന്നുണ്ട്.
മഹർഷി വാൽമീകി എഴുതിയ കാലാതിവർത്തിയായ ഈ ഇതിഹാസം , മഹാ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ഭഗവാൻ ശ്രീരാമന്റെ കഥയാണ് പറയുന്നത് . 24,000 ശ്ലോകങ്ങളും 480,000 ലധികം വാക്കുകളും ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഗ്രീക്ക് ഇതിഹാസമായ ഇലിയഡുമായി താരതമ്യപ്പെടുത്തുമ്പോൾ രാമായണം അതിന്റെ നാലിരട്ടി വരും.
ഇനി നമുക്ക് രാമായണം ആഘോഷമാക്കുന്ന വ്യത്യസ്ത നാടുകൾ ഏതാണെന്ന് നോക്കാം
തായ്ലൻഡ്
തായ്‌ലൻഡിന്റെ ദേശീയ ഇതിഹാസങ്ങളിലൊന്നാണ് രാമകിയൻ, ഇത് രാമായണത്തിന്റെ മറ്റൊരു പതിപ്പും ആഘോഷവുമാണ്. തിന്മയ്‌ക്കെതിരെ ശ്രീരാമന്റെ നേതൃത്വത്തിൽ നമ നേടുന്ന വിജയം വരച്ചിടുന്ന കഥയിൽ ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരപടയടക്കമുള്ള വിശദാംശങ്ങളുണ്ട്. തായ് രാമായണത്തിന്റെ നിലവിലെ പതിപ്പ് പതിനെട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണ്.
തായ് രാമായണത്തിൽ രാവണന്റെ കഥാപാത്രം തൊസകാന്ത് എന്ന പേരിലാണ് അറിയപ്പെടുന്നത്. നൂറുകണക്കിനു വർഷങ്ങളായി തായ്‌ലൻഡിൽ രാമായണം വാമൊഴിയായി പറയപ്പെടുന്നുണ്ടെങ്കിലും , അതിന്റെ മൂല കഥ വർഷങ്ങൾക്ക് മുന്നേ നഷ്ടപ്പെട്ട് പോയെന്നാണ് കരുതപ്പെടുന്നത്
മ്യാന്മാർ / ബർമ
രാമായണത്തിന്റെ ബർമീസ് പതിപ്പ് അറിയപ്പെടുന്നത് യമ സത്ധൗ അഥവാ യമായന എന്നാണ്. മൂലകഥ രാമായണം തന്നെയാണെങ്കിലും ബർമീസ് രാമായണത്തിന് അതിന്റെതായ ഒരു തനിമ അവകാശപ്പെടാനുണ്ട് . ഇന്ത്യയിലെ രാംലീല പോലെ, യമ സത്ധൗവും ഒരു നാടകാവിഷ്‌കാരമാണ്, ഇത് സാധാരണയായി മതപരമായ ഉത്സവങ്ങളിലാണ് അവതരിപ്പിക്കപ്പെടുന്നത് . ബർമീസ് സംസ്കാരം, നാടോടിക്കഥകൾ, ബുദ്ധമതം എന്നിവയുടെ ഘടകങ്ങളും ഇതിന് ഉണ്ട്
കംബോഡിയ
രാമായണത്തിന്റെ ഖെമർ രൂപാന്തരം കംബോഡിയയിൽ റീംകർ എന്നാണ് അറിയപ്പെടുന്നത്. ഇത് ഇന്ത്യൻ രാമായണത്തിന്റെ മറ്റൊരു പ്രാദേശിക പതിപ്പാണ്, ബർമീസ് രാമായണത്തിന് സമാനമായി കംബോഡിയൻ രാമായണത്തിനും പ്രാദേശിക ഉൾപ്പെടുത്തലുകൾ കാരണം അതിന്റെതായ ഒരു തനിമ അവകാശപ്പെടാനുണ്ട് . വിഷ്വൽ ആർട്ട്സ്, ക്ലാസിക്കൽ ഡാൻസ്, തിയറ്റർ എന്നിവയുടെ മിശ്രിതമായ കൃതി ഒരു പരമ്പരാഗത നൃത്ത നാടകമായിട്ടാണ് കംബോഡിയയിൽ പരിശീലിക്കപ്പെടുന്നത്
ഇന്ത്യൻ രാമായണം പോലെ തന്നെ ഇതിലും കഥ രാമൻ, സീത, രാവണൻ എന്നിവരെ കേന്ദ്രീകരിചിട്ടാണ് മുന്നോട്ട് പോകുന്നത് . എന്നാൽ ഇന്ത്യയിൽ ഉള്ളത് പോലെ പോലെ ദൈവങ്ങളുടെ അവതാരങ്ങളല്ല, മറിച്ച് മനുഷ്യരായിട്ടു തന്നെയാണ് എല്ലാവരെയും കണക്കാക്കപ്പെടുന്നത് എന്നതാണ് പ്രധാന വ്യത്യാസം.
ഇന്തോനേഷ്യ
രാമായണത്തിന്റെ ഇന്തോനേഷ്യൻ രൂപാന്തരമാണ് കകവിൻ രാമായണം. ഏകദേശം 8-9 നൂറ്റാണ്ടിലാണ് രാമായണം ഇന്തോനേഷ്യയിൽ വന്നതെന്നും അത് പഴയ ജാവനീസ് ഭാഷയിലാണ് എഴുതപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്നു.തുടർന്ന് നേരത്തെ മറ്റ് സ്ഥലങ്ങളിൽ കണ്ടത് പോലെ ബാലിനീസ് രാമകവക എന്ന പ്രാദേശിക പതിപ്പായി രാമായണം രൂപാന്തരപ്പെട്ടു. രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ പ്രധാന കഥാപാത്രങ്ങളെ കൂടാതെ, ഇന്തോനേഷ്യ പതിപ്പിലും നിരവധി തദ്ദേശീയ ദേവതകളുണ്ട്. ഇന്തോനേഷ്യയിലെ പ്രശസ്തമായ കേക്കക് നൃത്തത്തിൽ രാമായണത്തിലെ രംഗങ്ങളും ഉൾപ്പെടുന്നു.
ഒരു മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യ അവരുടെ ഹിന്ദു സാംസ്‌കാരിക തനിമ നിലനിർത്തുന്നതിൽ കാണിക്കുന്ന നിഷ്ഠ ലോകപ്രശസ്തമാണ്. അവരുടെ നോട്ടുകളിൽ ഇപ്പോഴും ഗണപതി ഭഗവാന്റെ ചിത്രം ആലേഖനം ചെയ്യപ്പെടുമ്പോൾ ഇന്തോനേഷ്യയുടെ വിമാന സർവീസിന്റെ പേര് ഗരുഡ ഇന്തോനേഷ്യ എന്നാണ്
മലേഷ്യ
ഇന്ത്യൻ രാമായണത്തിന്റെ മലായ് സാഹിത്യാവിഷ്കാരമാണ് ഹികായത് സെരി രാമ. പ്രധാന കഥ യഥാർത്ഥ സംസ്‌കൃത പതിപ്പ് പോലെ തന്നെ തുടരുന്നുവെങ്കിലും, പക്ഷേ അതിന്റെ ചില വശങ്ങൾ പേരുകളുടെ അക്ഷരവിന്യാസവും ഉച്ചാരണവും പോലുള്ളവ പ്രാദേശിക സന്ദർഭത്തിലേക്ക് ചെറുതായി പരിഷ്‌ക്കരിച്ചിട്ടുണ്ട്. കൂടാതെ മൂലകഥയിൽ നിന്നും ലക്ഷ്മണന് അല്പം കൂടുതൽ പ്രാധാന്യം മലേഷ്യൻ രാമായണത്തിലുണ്ട്
ഫിലിപ്പൈൻസ്
എ ഡി ഒമ്പത് പത്ത് നൂറ്റാണ്ടുകളിലാണ് ഫിലിപ്പീൻസിൽ ഹിന്ദു സ്വാധീനങ്ങളും സംസ്കാരവും എത്തിയതായിട്ടാണ് ഇൻഡോളജിസ്റ്റുമാരായ ജുവാൻ ആർ ഫ്രാൻസിസ്കോയും ജോസഫിൻ അക്കോസ്റ്റ പസ്രിചയും പറയുന്നത്. രാമായണത്തെ ആസ്പദമാക്കിയുള്ളതാണ് ഫിലിപ്പീൻസിന്റെ പ്രശസ്തമായ ‘സിങ്കിൽ’ നൃത്തം. ദ്വീപ് രാഷ്ട്രമായ ലനാവോ തടാകത്തിലെ മരാനോ ജനതയുടെ നാടോടി നൃത്തമാണിത്.
ഫിലിപ്പീൻസിലെ രാമായണത്തെ ‘മഹാരാദിയ ലവാന’ എന്ന് വിളിക്കുന്നു, അതായത് മഹാരാജാവായ രാവണൻ. സ്വാഭാവികമായും മൂല കഥയിൽ ഇവിടെയും നമുക്ക് ചെറിയ പ്രാദേശിക വത്കരണം പ്രതീക്ഷിക്കാം
ഹിന്ദു മതത്തിലും, ഇന്ത്യൻ സംസ്കാരത്തിലും അഭിമാനിക്കുന്നവരിൽ തന്നെ എത്ര പേർക്ക് നമ്മുടെ ഈ മഹത്തായ രാജ്യത്തിൻറെ പ്രൗഢിയും നമുക്ക് ഈ ലോകത്തുണ്ടായിരുന്ന സ്വാധീനത്തെയും കുറിച്ച് അറിയുമോ എന്ന് സംശയമാണ്.
സ്വർണ്ണത്തിന്റെ പക്ഷിയായ ആ ഭാരതം, തന്റെ ബന്ധനത്തിൽ നിന്നും പതുക്കെ ചിറകടിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. ജനുവരി 22 ലെ ആ സുവർണ്ണ നിമിഷം ഇന്ത്യയിലെ കോടാനുകോടി ഹിന്ദുക്കൾക്ക് ഒരു ഓർമ്മപ്പെടുത്തലാണ്. നമ്മൾ എന്തായിരിന്നുവെന്നും നമ്മൾ ആരായിരിന്നുവെന്നും
Discussion about this post