നാഗൗൺ: 20-25 ബിജെപി പ്രവർത്തകർ വടിയുമായി ഞങ്ങളുടെ ബസിന് മുൻപിലേക്ക് വന്നു. ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും അവർ ഓടിക്കളഞ്ഞു. അസമിൽ ന്യായ് യാത്രയ്ക്ക് നേരെ നിരന്തരം ആക്രമണമുണ്ടായെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ രാഹുൽ പറയുന്നത് ഇത്രമാത്രം. നാഗൗണിൽ ന്യായ് യാത്രയുടെ സ്വീകരണ യോഗത്തിലാണ് കോൺഗ്രസ് ആരോപിക്കുന്ന അക്രമം രാഹുൽ തന്നെ പൊളിച്ചത്.
കോൺഗ്രസിന് ആർഎസ്എസിനെയും ബിജെപിയെയും ഭയമില്ലെന്നും രാഹുൽ പറഞ്ഞു. അവർ കരുതുന്നത് കോൺഗ്രസ് ബിജെപിയെയും ആർഎസ്എസിനെയും ഭയക്കുന്നുവെന്നാണ്. എന്നാൽ അത് അവരുടെ പകൽ സ്വപ്‌നമാണ്. അവർക്ക് എത്ര പ്ലക്കാർഡുകൾ വേണമെങ്കിലും എത്ര പോസ്റ്ററുകൾ വേണമെങ്കിലും കീറിക്കളയാം. ഞങ്ങൾ അത് ഗൗനിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെയോ ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. രാഹുൽ പറഞ്ഞു.
ജാമുഗുരിഹട്ടിൽ ഉൾപ്പെടെ ഭാരത് ജോഡോ യാത്രയുടെ വാഹനങ്ങൾക്ക് നേരെ ബിജെപി പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടുവെന്ന് ആയിരുന്നു കോൺഗ്രസിന്റെ ആരോപണം. ഞായറാഴ്ച സോനിത് പൂരിൽ വെച്ചും ആക്രമണം നടന്നതായി കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ രാഹുലിന്റെ ന്യായ് യാത്ര കടന്നുപോകുന്നതിനിടെ ജയ് ശ്രീറാം വിളിച്ച ജനക്കൂട്ടത്തോട് ക്ഷുഭിതനായി രാഹുൽ വാഹനത്തിൽ നിന്ന് ചാടിയിറങ്ങുന്നതും രോഷാകുലനായി അവർക്ക് നേരെ പാഞ്ഞടുക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് പങ്കുവെച്ചാണ് ബിജെപി നേതാക്കൾ കോൺഗ്രസിന്റെ ആരോപണത്തിന് മറുപടി നൽകിയത്.
ന്യായ് യാത്രയ്‌ക്കെതിരായ അക്രമങ്ങൾക്ക് പിന്നിൽ ഹിമന്ത ബിശ്വ ശർമ്മയാണെന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. എന്നാൽ രാഹുലിന് തന്നെ മാത്രമല്ല തന്റെ കുട്ടികളെപ്പോലും ഭയമാണെന്ന് ആയിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം.
നാലാം ദിവസമാണ് രാഹുലിന്റെ യാത്ര അസമിലൂടെ കടന്നുപോകുന്നത്. ബിജെപി പ്രവർത്തകർ തന്റെ ഒപ്പമുണ്ടായിരുന്ന വാഹനങ്ങൾ ആക്രമിച്ചുവെന്നും ക്യാമറമാൻമാരെ ഉൾപ്പെടെ കായികമായി നേരിട്ടുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശും തിങ്കളാഴ്ച ആരോപിച്ചിരുന്നു.
Discussion about this post