ലക്‌നൗ: തന്റെ രാജ്യത്തിന്റെ നായകനായ മകനെ വ്രതം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതുപോലെയാണ് തോന്നിയതെന്ന് ഗോവിന്ദ് ദേവ്ഗിരി ജി മഹരാജ്. അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് ശേഷം വ്രതാനുഷ്ഠാനം അവസാനിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം കൈകൊണ്ട് തീര്‍ത്ഥം നല്‍കിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരിന്നു അദ്ദേഹം.
‘വ്രതം പൂര്‍ത്തിയാക്കാനായി അദ്ദേഹത്തിന് തേനും ചെറുനാരങ്ങയും വെള്ളത്തില്‍ ചേര്‍ത്ത് നല്‍കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, പ്രഭു ശ്രീരാമന്റെ ചരണത്തില്‍ നിന്നുള്ള തീര്‍ത്ഥം നല്‍കിയാല്‍ മതിയെന്ന് തലേദിവസം തന്നെ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. വേദിയില്‍ വച്ച് അദ്ദേഹം എന്നോട് രഹസ്യമായി അതു വീണ്ടും ചോദിച്ചു. ആ സമയം, എന്നില്‍ ഒരു അമ്മയുടെ വാത്സല്യമാണ് ഉണര്‍ന്നത്. എന്റെ രാജ്യത്തിന്റെ നായകനായ മകനെ വ്രതം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതുപോലെയാണ് അപ്പോഴെനിക്ക് തോന്നിയത്’- അദ്ദേഹം പറഞ്ഞു.
ഇന്നലെ പ്രാണപ്രതിഷ്ഠക്ക് ശേഷം നടന്ന പൊതു സമ്മേളനത്തിലാണ് പ്രധാനമന്ത്രി പതിനൊന്ന് ദിവസം നീണ്ട് നിന്ന കഠിനമായ വ്രതാനുഷ്ഠാനം അവസാനിപ്പിച്ചത്. ഗോവിന്ദ് ദേവ്ഗിരി ജി മഹരാജ് അദ്ദേഹത്തിന് രാമ പാദുകത്തിലെ തീര്‍ത്ഥം നല്‍കിക്കൊണ്ട് വ്രതം പൂര്‍ത്തിയാക്കി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭഗവാന്‍ ശ്രീരാമന്‍ ജന്മസ്ഥാനത്തേക്ക് തിരികെ എത്തിയിരിക്കുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രാണപ്രതിഷ്ഠ എന്ന അമൂല്യ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്. സന്തോഷം കൊണ്ട് വാക്കുകള്‍ ഇടറുന്നു. ഇപ്പോഴും ശരീരം വിറയ്ക്കുകയാണ്. തന്റെ മനസ്സ് ഇപ്പോഴും ആ നിമിഷത്തില്‍ തന്നെ തുടരുകയാണ്. രാംലല്ല ഇനി മുതല്‍ ടെന്റില്‍ അല്ല. മറിച്ച് ശ്രീകോവിലിന് ഉള്ളില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നിമിഷം ഭഗവാന്‍ ശ്രീരാമനോട് ക്ഷമ ചോദിക്കാന്‍ കൂടിയുള്ള അവസരമായി എടുക്കുന്നു. രാമക്ഷേത്രം പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ മാത്രമാണ് സാധിച്ചത്. ഭഗവാന്‍ തങ്ങളോട് ക്ഷമിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post